പണ്ട് ഗോത്രങ്ങള്‍, ജീവിത ജ്ഞാനത്തിന്റെ ഉറവിടങ്ങള്‍ ആയിരുന്നു. പരിഷ്കാരം നമ്മെ വഴി തിരിക്കുന്നത് വരെ, കൂടുകുടുംബങ്ങള്‍ പോലും ജ്ഞാന മണ്ഡലങ്ങള്‍ (Cognitive Field) ആയിരുന്നു. സഹജ ജീവനത്തെ സംസ്കാരം കൈയ്യേറാന്‍ തുടങ്ങിയപ്പോള്‍ ശുദ്ധ ജ്ഞാനത്തിനു ഗുരുകുലങ്ങള്‍ വേണ്ടി വന്നു. അധിനിവേശവും സാങ്കേതിക നവോദ്ധാനവും സംസ്കാരത്തെ പരിഷ്കാരമാക്കിയപ്പോള്‍ ഗുരുകുലങ്ങള്‍സ്ഥാപനങ്ങളായി: സ്കൂളുകള്‍ ഉണ്ടായി. സ്കൂളുകളില്‍ ജ്ഞാനം വിവരങ്ങള്‍ക്ക് വഴി മാറി. ബോധം ബുദ്ധിക്കു വഴി മാറി. പരിണാമം പരിഷ്കാരത്തിനു വഴി മാറി. വിവരമാണ് ജ്ഞാനമെന്നും, ബുദ്ധിയാണ് ബോധമെന്നും, പരിഷ്കാരമാണ് പരിണാമമെന്നും സങ്കേതമാണ് ശാസ്ത്രമെന്നും ജന സാമാന്യമിന്നു വിശ്വസിക്കുന്നു.
നൈസര്‍ഗികത എന്ന ഒന്നുണ്ടെന്നറിഞ്ഞ ചിലര്‍ ഈ വിശ്വാസ മണ്ഡലങ്ങളില്‍ നിന്നും വഴി മാറി, ധാരണാവബോധത്തിലേക്കും , സഹജാവബോധത്തിലേക്കും പരമാവബോധത്തിലേക്കും, യഥാശക്തി, ക്രമമായി ചെന്നെത്തി. അവര്‍ പറഞ്ഞതും എഴുതിയതും കേട്ടറിഞ്ഞ മറ്റു ചിലര്‍ മുഖ്യധാര വിട്ടു ബദലുകളിലേക്ക് കുടിയേറി. ആ ത്രിശങ്കുവില്‍ നിന്ന് ചിലരെങ്കിലും ജ്ഞാനത്തെ ബോധം കൊണ്ട് അന്വേഷിക്കുന്നുണ്ട്.
നിരന്തരമായി ഗുരുത്വ ബലം പ്രേരിതമാകുമ്പോഴെ യൌക്തികമായ മനോ കായ കര്‍മങ്ങള്‍, ജ്ഞാന പ്രാപ്തിക്കായി പുനര്‍പക്വപ്പെടുകയുള്ളൂ. വ്യവസ്ഥാപിത സ്കൂളുകളിലുള്ള പോലെ, വന്നു - കണ്ടു - കേട്ട് പോകല്‍, ജ്ഞാനത്തിലേക്കുള്ള ഗുരുത്വ ബലം കുറക്കുകയും ഇതര ബലങ്ങളുടെ സ്വാധീനം കൂട്ടുകയും ചെയ്യും. ബദലുകളില്‍ നിന്ന് ജ്ഞാനത്തെ ബോധം കൊണ്ടന്വേഷിച്ചു കൊണ്ട് ഗുരുത്വ മണ്ഡലത്തില്‍ മനോ കായ ജീവനങ്ങളാല്‍ ഗുരുവിന്റെ അംഗമാകാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഉള്ളതാണ് ഈ ഗുരുകുലം.
ഇവിടെ ഗുരുത്വം സ്ഥിത രൂപിയല്ല
പരിണാമ പരമ്പരയിലെ കണ്ണിയാണ്.
No comments:
Post a Comment