Sunday, August 14, 2011

പ്രായോഗിക പദ്ധതികള്‍

പണിപ്പുരയില്‍... പൂര്‍ത്തിയായ പോസ്റ്റ്‌ കാണാന്‍ ഇടയ്ക്കിടെ ഈ പേജു സന്ദര്‍ശിക്കുക....

Friday, August 5, 2011

എന്ത് കൊണ്ട് ഒളിമ്പസ്

ഒളിമ്പസ് ഒരു അവശ്യ ജീവന ശൈലി ആണെന്ന് പറയുന്നത്, അതിന്റെ സൈദ്ധാന്തിക പ്രായോഗിക വിശകലനങ്ങള്‍ വേണ്ടും വണ്ണം നടത്തിക്കൊണ്ടാണ്. അതിന്റെ വ്യാപ്തിയും, പശ്ചാത്തലവും നമുക്കൊന്ന് ഓടിച്ചു പരിശോധിക്കാം. ഇത് തികച്ചും മനുഷ്യ കേന്ദ്രിതമായൊരു (Anthropo Centric) വിശകലനമാണ്.

സാമൂഹ്യ ജീവനം നടത്തുന്ന നാമോരോരുത്തര്‍ക്കും, സമൂഹത്തിലെ ഇന്ന് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളെ പറ്റി അറിയാം. പരിസ്ഥിതി, ആരോഗ്യം, ആത്മീയത, സാംസ്കാരികത, ലൈംഗികത , മതം, ജീവനശൈലി, സമ്പത്ത് വ്യവസ്ഥ, വിദ്യാഭ്യാസം, കൃഷി, ഉപഭോഗം, ഉത്പാദനം, ഊര്‍ജം, ഭരണം, ദേശീയത, ജനസംഖ്യ, വ്യക്തിപരത, മാനെജ്മെന്റ് എന്നു തുടങ്ങി സമസ്ത മേഖലകളിലും പ്രശ്നങ്ങളെ ദര്‍ശിക്കാന്‍ നമുക്ക് കഴിയും. അതതു മേഖലകളില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നത് കൂടാതെ അവയുടെ കൈകാര്യ സംവിധാനത്തിലും പരിഹാര പ്രക്രിയകളിലും അവയുടെ സമീപനങ്ങളിലും അവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളിലും ഒക്കെ നമുക്ക് പ്രശ്നങ്ങളോ വൈരുദ്ധ്യങ്ങളോ ചേര്‍ച്ച കുറവുകളോ കാണാനാകും. സമൂഹത്തിലെ ഒട്ടേറെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ഇതില്‍ ഏതെങ്കിലും ഒരു മേഖലയെ ഉദ്ധരിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന മഹത് പ്രവര്‍ത്തനങ്ങളെ ആണ് സാമൂഹ്യ പ്രവര്‍ത്തനം എന്ന് പൊതുവേ പറയുന്നത്.

മനുഷ്യ സംസ്കാരം ഉണ്ടായ കാലം മുതല്‍ ഇന്നോളം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും മുന്‍പറഞ്ഞ ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളെ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും. പ്രവര്‍ത്തനത്തിനു അനുസൃതമായ ഒരു ഫലവും അത് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നുവച്ച് അതിനു ഇതര മേഖലകളുടെ നവോത്ഥാനവും ആയി പലപ്പോഴും വിദൂര ബന്ധം പോലും ഉണ്ടാകാറില്ല .

പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും വസ്തുതകളും സങ്കേതങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒരു സമഗ്ര വീക്ഷണമുള്ള ആര്‍ക്കും അറിയാവുന്നതാണ് . സമൂഹത്തിലെ പ്രശ്ന ബാധിതമായ ഒരു മേഖലയെ എടുക്കുമ്പോള്‍ അത് ഒട്ടേറെ മറ്റു മേഖലകളുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടിരിക്കും . ഉദാഹരണത്തിന് ആരോഗ്യ മേഖലയെ എടുത്താല്‍, അത് ഭക്ഷണം, കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ഭരണം എന്നു തുടങ്ങി ആ മേഖലയിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍, നയങ്ങള്‍ എന്നിവ വരെയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം . അങ്ങനെ വരുമ്പോള്‍ ഒരു പ്രശ്ന പരിഹാരത്തിനു ഒരു മേഖലയെ മാത്രം കൈകാര്യം ചെയ്‌താല്‍ മതിയാകില്ല എന്നു വരുന്നു.



സമൂഹത്തിലെ എല്ലാ മേഖലകളും പരസ്പരം ബന്ധ പ്പെട്ടിരിക്കുന്നു എന്നതു കൊണ്ട്‌ തന്നെ സാമൂഹ്യമായ പ്രശ്നങ്ങളെ ഏക മുഖമായി കാണുക ശരിയാകില്ല . ഘടകങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഒക്കെ ചേര്‍ന്ന ഒരവസ്ഥയെ നമുക്ക് വ്യവസ്ഥ /വ്യൂഹം (system) എന്ന് വിളിക്കാം. പ്രശ്നം വ്യവസ്ഥയ്ക്ക് ആണ് . സമഗ്രമായ ഒരു പ്രശ്നത്തിനു സമഗ്രമായൊരു വീക്ഷണവും സമഗ്രമായൊരു പ്രായോഗിക പരിപാടിയും, സമഗ്രമായൊരു പരിഹാര നടപടിയും കാണേണ്ടതുണ്ട്.


സമഗ്രമായൊരു പരിഹാര നടപടിയുടെ ഒരു വീക്ഷണം ഉണ്ടാകുന്നുവെങ്കില്‍ അത് കണ്ടെത്തിയ ദാര്‍ശനികന്റെ സ്വന്തം ഉള്‍ക്കാഴ്ച്ചയില്‍ നിന്നും ഉണ്ടാകുന്നതായിരിക്കും. അതൊരു സമൂഹത്തിന്റെ പൊതു കാഴ്ചയായി മാറണമെങ്കില്‍, അത്തരമൊരു വീക്ഷണത്തെ പറ്റിയുള്ള ബോദ്ധ്യമുണ്ടാകും വിധമുള്ള ഒരു സാംസ്കാരിക വളര്‍ച്ച ആ സമൂഹത്തിനു ഉണ്ടാകണം. അത്തരമൊരു വളര്‍ച്ച സമീപ ഭാവിയില്‍, നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമെന്ന് കരുതുക വയ്യ. വിജയിച്ചു കാണുന്ന സംവിധാനങ്ങളെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുവാനുള്ള പൊതു സമൂഹങ്ങളുടെയും, സര്‍ക്കാര്‍ മിഷനറി കളുടെയും സ്വഭാവത്തെ മുന്നിര്‍ത്തി, മൂര്‍ത്ത മാതൃകകള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. ഇത് ഒരു സമഗ്ര നവോദ്ധാനത്തെ ഉദ്ദേശിച്ചാണ്. ഇതിനു തലമുറകളോളം നീളുന്ന കാലമെടുക്കും.

വര്‍ത്തമാനത്തില്‍ നടപ്പിലാകുന്നതും ഭാഗികവും ആയ ഒരു നവോദ്ധാനത്തെ ഒരു ഭൂമിശാസ്ത്ര പരമായ അതിര്‍ത്തിക്കുള്ളില്‍ നിര്‍വഹിക്കുമ്പോള്‍, നവോദ്ധാന ലക്ഷ്യത്തെ ജനാധിപത്യ രീതിയില്‍ നിര്‍ണയിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. ജനം പല വിധം കാഴ്ചപ്പാടുകളും, തിരിച്ചറിവുകളും, ബോധ പ്രായോഗിക തലങ്ങളും ഉള്ളവരായിരിക്കും. അതുകൊണ്ട് തന്നെ, ഒരു പൊതു അടിസ്ഥാന ആവശ്യത്തെ പൊതുവായി ചര്‍ച്ച ചെയ്തു കണ്ടെത്തുകയും അത്തരമൊരു ലക്ഷ പ്രാപ്തിക്കായുള്ള പൊതു കര്‍മ പരിപാടി കണ്ടെത്തുകയും ആകും അഭികാമ്യം. ഇതിനു ജനകീയ പങ്കാളിത്ത തന്ത്ര ആസൂത്രണം (Participatory Strategy Planning) സഹായിക്കും.

എത്ര വലിയ കര്‍മ ലക്ഷ്യ നിര്‍ണയവും എത്ര തന്നെ നല്ല പദ്ധതി ആസൂത്രണവും ഉണ്ടെങ്കിലും ആവശ്യമായ വിഭവങ്ങളുടെ ലഭ്യത, ലക്ഷ്യത്തിന്റെ ഫലപ്രാപ്തിയെ നന്നേ സ്വാധീനിക്കും. അതിനാല്‍ വിഭവ ലഭ്യതയെ കൂടി ആസ്പദമാക്കി ആയിരിക്കണം ആസൂത്രണം നടത്തേണ്ടത്. മേല്പറഞ്ഞ ദര്‍ശനവും, തന്ത്രവും, വിഭവ ലഭ്യതയും, എത്രകണ്ട് ഏകാതാനതയില്‍ വരുന്നുവോ, അത്രകണ്ടായിരിക്കും, ആ കര്‍മ പരിപാടിയുടെ ഫലപ്രാപ്തി. ഇത് പദ്ധതിയുടെ ആസൂത്രണ നിര്‍വഹണം ആവശ്യം നടത്തേണ്ടുന്ന ഒന്നാണ്.



തുടരും .. വീണ്ടും സന്ദര്‍ശിക്കുമല്ലോ?

Thursday, August 4, 2011

സംഘാടകര്‍

1981 - ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു.

സംഘം
പത്തോളം പ്രവര്‍ത്തകരില്‍ ഒതുങ്ങുന്ന ഒളിമ്പസ്സിന്നു ഇന്ത്യക്ക് അകത്തും പുറത്തും ആയി കുറച്ചു പഠിതാക്കലുണ്ട്. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ , ഗ്രീന്‍ക്രോസ് ഗ്രൂപ്പ്‌ നേപ്പാള്‍ എന്നിവ ഒളിമ്പസ്സിന്റെ പഠിതാക്കള്‍ പ്രാദേശികമായി നടപ്പിലാക്കുന്ന സന്നദ്ധ പ്രവര്‍ത്തന പദ്ധതികളാണ്.
ഇത് കൂടാതെ www.ecosight .org എന്ന ഇന്റര്‍നെറ്റ്‌ മുഖപത്രവും, കാമ്പസ് ഗ്രീന്‍ എന്ന യുവ/ കലാലയ വിഭാഗവും സംഘത്തിനുണ്ട്.

കേന്ദ്രം
പാലക്കാട് ജില്ലയിലെ തത്തമംഗലത്തു, 70 ഓളം വര്ഷം പഴക്കമുള്ള ഒരു ചെറിയ ഓടിട്ട വീട്ടിലാണ് സംഘത്തിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സുസ്ഥിര സമൂഹങ്ങലായ ന്യൂ ട്രൈബല്‍ വെഞ്ച്വറിന്റെ (New Tribal Venture) ആശയവുമായും ലോക സോദ്ദേശ്യ സമൂഹങ്ങളുടെ (Intentional Communities) ആശയവുമായും സഹകരിച്ചുകൊണ്ട് നവഗോത്ര ഗുരുകുലം എന്ന പേരിലുള്ള ഒരു കമ്മ്യൂണ്‍ ആയി ആണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

മൂലധനം
ഗുരുകുലത്തിന്റെ വരുമാനം നിയോട്രൈബ് ഐറ്റി കമ്യൂണ്‍ എന്ന വെബ്സൈറ്റ് നിര്‍മാണ (NiMuKi Web Frame) പദ്ധതിയിലൂടെയും ക്യൂ -ലൈഫ് എന്ന ജീവിത / സ്ഥാപന മാനജുമെന്റ്റ് പരിശീലനങ്ങളിലൂടെയും ആണ്. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം പഠിതാക്കള്‍ സ്വവരുമാനത്തില്‍ നിന്നും കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതല്ലാതെ മറ്റൊരു ബാഹ്യ ഏജെന്‍സികളുടെയും സമുദായങ്ങളുടെയും സാമ്പത്തിക സഹായത്തെ സംഘം സ്വീകരിക്കുന്നില്ല.

ഭാവി
ആഗതമാകുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെ ചെറുതായെങ്കിലും ചെറുത്തു നില്‍ക്കുവാനുള്ള ശ്രമമെന്നോണം ഒരു പരിസ്ഥിതി ഗ്രാമത്തെ (Eco Village) സംഘം വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ ഗാപരിസ്ഥിതി വിദ്യാഭ്യാസം സാര്‍വലൌകികമായി ലഭ്യമാക്കുവാനായി, ഒരു അന്താരാഷ്‌ട്ര ഇക്കൊസഫിക്കല്‍ പ്രതീത സര്‍വകലാശാലയും (Ecosophical University) സംഘം സ്വപ്നം കാന്നുന്നു.

ഇനി
ലോകത്തിനു സുസ്ഥിര ജീവനത്തിന് വഴികാട്ടിയാകാന്‍ കഴിയുന്ന ഒരു വലിയ പ്രായോഗിക ദര്‍ശനവും പദ്ധതിയും ഒളിമ്പസ്സിനുണ്ടെങ്കിലും, അത് നടപ്പിലാക്കാനുള്ള സന്മനസ്സും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ഹരിത ഹൃദയങ്ങളുടെ ആള്‍ ബലമാണ്‌ ഇല്ലാത്തത്. ഇത് നടപ്പിലാക്കേണ്ടത്, ഓരോ ലോക പൌരന്റെയും കടമയാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഞങ്ങളില്‍ ഒരാളാകാന്‍, ഇത്തരുണത്തില്‍, താങ്കളെ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

Wednesday, August 3, 2011

എന്താണ് ഒളിമ്പസ്

മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക - മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. ഇവയ്ക്കിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, യഥാര്‍ത്ഥത്തിലുള്ള നിലനില്‍പ്പിനെയും നാമറിയുന്നില്ല. ജീവരാശിയുടെ സുസ്ഥിരമായൊരു ജീവനത്തെ ശാസ്ത്രീയമായും, ആത്മീയമായും പ്രായോഗികമായും അറിയുവാന്‍ ഒരു പുതിയ സുസ്ഥിര ജീവന പദ്ധതി ഇവിടെ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്ന (ജ്ഞാനീയമായ - Cognitive) പ്രത്യക്ഷമായ പ്രതിഭാസങ്ങളേയും (Phenomena) ഇതര ഇന്ദ്രിയങ്ങള്‍ കൊണ്ട് മാത്രം അറിയാന്‍ കഴിയുന്നതോ അല്ലാത്തതോ ആയ (വിശിഷ്ടമായ - Transcendental) പ്രത്യക്ഷമല്ലാത്ത പ്രതിഭാസങ്ങളേയും (Naumina) വിശദീകരിക്കുന്ന ഒരു സമഗ്ര പരിസ്ഥിതി ദര്‍ശനമാണ് ഒളിമ്പസ്. പ്രപഞ്ചം, ജീവന്‍, ജീവിതം, മനസ്സ്, ആരോഗ്യം, നിയതി, കാലം, തുടങ്ങി ജീവിതവുമായി ബന്ധമുള്ളതായ, മിക്കവാറും എല്ലാ വിഷയങ്ങളെയും, ജീവന യുക്തമായി ഒളിമ്പസ് പരിചയപ്പെടുത്തുകയും, പഠിപ്പിക്കുകയും, അനുഭവ വേദ്യമാക്കുകയും ചെയ്യുന്നു. ആധുനിക ഭൌതികം, ഉത്തരാധുനിക തത്വചിന്ത, പൌരാണിക തത്വചിന്ത, ആധുനിക മാനേജ്‌മന്റ്‌, ഉത്തരാധുനിക വൈദ്യശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളിലെ സങ്കേതങ്ങള്‍, ഒളിമ്പസ് വ്യാഖ്യാനങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്.

മനുഷ്യന്‍ ബോധം കൊണ്ട് അറിയേണ്ടുന്നവയെ ബുദ്ധി കൊണ്ടറിയാന്‍ തുടങ്ങിയതിനു മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. ഇത് ഒട്ടേറെ വൈവിദ്ധ്യങ്ങള്‍ക്കും, കണ്ടെത്തലുകള്‍ക്കും വഴി വച്ചെങ്കിലും, കെട്ടുറപ്പുള്ള ഗോത്ര - കൂട്ടുകുടുംബ - കുടുംബ വ്യവസ്ഥകള്‍ പിന്നിട്ടു അവനെ തികഞ്ഞ വ്യക്തിപരതയിലേക്ക് തള്ളിവിടുകയാണ് ഉണ്ടായത്. സാമൂഹ്യ ഗുരുത്വ സ്വഭാവം കൈ വെടിയുന്ന ഓരോരുത്തരും (സമൂഹത്തിന്റെ ഓരോ ഘടകങ്ങളും) അവനവനിസത്തിലേക്ക് നീങ്ങുമ്പോള്‍ നഷ്ടമാകുക സാമൂഹ്യമായ കെട്ടുറപ്പാണ്. പ്രക്ഷുബ്ധമായ സാമൂഹ്യ - രാഷ്ട്രീയ - പാരിസ്ഥിതിക - ആത്മീയ പശ്ചാത്തലം സൃഷ്ടിക്കപ്പെടുക വഴി നമുക്ക് നഷ്ടമാകുന്നത് സുസ്ഥിരതയാണ്.

നഷ്ടമാകുന്ന ഈ സുസ്ഥിരതയെ വ്യക്തി മുതല്‍ സമൂഹം വരെ സാദ്ധ്യമായ അളവില്‍ പുന:സ്ഥാപിക്കുക എന്ന പ്രായോഗിക പരിപാടിയാണ് ഒളിമ്പസ് മുന്നോട്ടു വയ്ക്കുന്നത്. ആരോഗ്യം, ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, വിനിമയം, പാരസ്പര്യം, മാനെജുമെന്റ്റ്, തൊഴില്‍, കല, ഭരണം, പരിസ്ഥിതി എന്ന് തുടങ്ങി ജീവിതവുമായി ബന്ധം വരുന്ന എല്ലാ മേഖലകളിലും ഒളിമ്പസ് വഴി കാട്ടുന്നു. വ്യക്തികള്‍ക്കും, കുടുംബ / സംഘങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും, രാഷ്ട്രത്തിനും വരെയുള്ള വ്യത്യസ്ത പ്രയോഗ രീതികളാണ് ഒളിമ്പസ്സിനുള്ളത്.

ചിന്തയ്ക്കായി ചില നുറുങ്ങുകള്‍

ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെ ആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവ ചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖ പരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ.

അറിവ്
  1. ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്.
  2. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു.
  3. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും.
  4. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം.
  5. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം?
  6. സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ്
  7. അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്.
  8. അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ വിപുലമാക്കും. സമഗ്രീകരണം അറിവിനെ പൂര്‍ണമാക്കും.
സമീപനങ്ങള്‍
  1. സമത്വം സ്വാഭാവികതയല്ല.
  2. ഭൌതികതയില്‍ നിന്നും ആത്മീയതയിലേക്ക് മാറുന്നത്, ഒരു കാലിലെ മന്ത് മറ്റെതിലേക്ക് മാറ്റുന്നത് പോലെയാണ്.
  3. അകം ലോകം അറിയാതെ പുറം ലോകത്തെ അറിഞ്ഞിട്ടു കാര്യമില്ല.
  4. കാഴ്ച പൂര്‍ണമാകാന്‍, അടുത്തുനിന്നും അകന്നു നിന്നും കാണേണ്ടിവരും.
താള യുക്തികള്‍
  1. ഒരു വ്യക്തിയിലെ താളവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും.
  2. താളാത്മകര്‍ക്ക് യുക്തിയും യുക്ത്യാത്മകര്‍ക്ക് താളവും കുറവായിരിക്കും.
  3. താള യുക്തീ അനുപാതത്തിന്റെ സാമാന്യ തുലനതയില്‍ മാത്രമേ, എതുമായുള്ള ഏകതാനതയും ഉണ്ടാകൂ .
  4. താള യുക്തീ ശേഷികള്‍ ജന്മത്തമാണ്.
  5. താള യുക്തീ ശേഷികളെ അവയുടെ പാരമ്യത്തിലേക്ക്‌ പരിശീലനം കൊണ്ട് എത്തിക്കുവാനാകും.
  6. താള യുക്തീ അനുപാതം മാറ്റിയെടുക്കുവാന്‍ ഒരു പരിശീലനത്തിനും കഴിയില്ല.
  7. താളാത്മകര്‍ക്കും യുക്ത്യാത്മകര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടാകും.
  8. ഏകാതാനര്‍ക്ക് താളാത്മകരോടും യുക്ത്യാത്മകരോടും ഒരുവിധം പൊരുത്തമാകാനാകും.
  9. താള യുക്തീ ശേഷികളുടെ സൂചകമാണ് താളബോധം.

വിദ്യാഭ്യാസം
  1. വിദ്യയെന്നത്, കൃത്രിമ ജീവിത വ്യവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാങ്കേതികതയാണ്.
  2. വിദ്യാഭ്യാസം കൃത്രിമവും ഔപചാരികവുമാണ്. ജ്ഞാനപ്രാപ്തിയാകട്ടെ സ്വാഭാവികവും യാദൃശ്ചികതയുമാണ്‌.
  3. ജീവിത കൃത്രിമത്തങ്ങള്‍ അധികരിക്കുമ്പോള്‍, വിദ്യയുടെ ആവശ്യകതയും അധികരിക്കുന്നു.
  4. നാം പഠിക്കേണ്ടത് വിദ്യയല്ല, ജീവിതമാണ്.
  5. പാഠം എന്നത് ആധുനികതയെ ജനിപ്പിക്കുന്നതിനല്ല, സഹജാവബോധത്തെ തെളിവാക്കുന്നതിനാണ്.
  6. സാമാന്യ പാഠ്യപദ്ധതി അല്ല, പകരം, പഠിതാവിനു അനുസൃതമായി തയ്യാറാക്കി, ശരിയായ സമയത്ത് നല്‍കാനുള്ള പഠന സങ്കേതമാണ് നമുക്കിന്നാവശ്യം.
  7. പഠിതാവിനു വിരസമാകാത്ത വഴികളിലൂടെ, അനുഭവങ്ങളെ ആധാരമാക്കി, അറിവിലേക്കുള്ള ദിശ കാണിക്കലാണ് യഥാര്‍ത്ഥ അദ്ധ്യാപനം.
  8. ആദ്യ ഗുരു അമ്മയും രണ്ടാമത്തെ ഗുരു അച്ഛനും, മൂന്നാമത്തെ ഗുരു അയല്‍ക്കാരനുമാകുന്ന ഒരു അദ്ധ്യാപന പദ്ധതി നമുക്കുണ്ടാകണം.
  9. ഇന്നത്തെ അദ്ധ്യാപന പദ്ധതി ജ്ഞാനികള്‍ക്കു പകരം വിശ്വാസികളെ സൃഷ്ടിക്കുന്നു.
  10. അദ്ധ്യാപന ശേഷി ചിലര്‍ക്ക് മാത്രം ജന്മത്തമായി കിട്ടുന്നതും, പരിശീലനം വഴി സൃഷ്ടിക്കാന്‍ കഴിയാത്തതുമാണ്
ആരോഗ്യം

  1. ആരോഗ്യം ചികിത്സാ ശാസ്ത്രങ്ങളുടെ സംഭാവന അല്ല.
  2. യഥാര്‍ത്ഥ ചികിത്സാ ശാസ്ത്രം ജീവ ശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ്.
  3. രോഗമോന്നെയുള്ളൂ; ചികിത്സയും.
  4. ആരോഗ്യമുണ്ടെങ്കിലേ രോഗമുണ്ടാകൂ.
  5. കുരുമുളകും തുളസ്സിയുമടക്കം എല്ലാ ഔഷധങ്ങളും വിഷങ്ങള്‍ ആണ്.
  6. ഭക്ഷണം ഊര്‍ജ സ്രോതസ്സല്ല; പോഷക സ്രോതസ്സാണ്. വിശ്രമമാണ് ഏക ഊര്‍ജ സ്രോതസ്സ്.
  7. അമ്മ കുഞ്ഞിനെ നൊന്തു പെറ്റാല്‍ അമ്മയും കുഞ്ഞും രോഗികള്‍.
  8. പ്രതിരോധ കുത്തിവയ്പ്പുകള്‍ എയ് ഡ്സ് വരുത്തും.
  9. അലോപതി മുതല്‍ പ്രകൃതി ചികിത്സ വരെ എല്ലാം വിശ്വാസാധിഷ്ടിത ചികിത്സകളാണ്.
ഭക്ഷണം
  1. ചായയും കാപ്പിയും സ്വീകരണ മുറിയില്‍ യ്കാമെങ്കില്‍, മദ്യത്തെ പൂജാ മുറിയില്‍ വയ്ക്കാം.
  2. ചാരായത്തിനു പകരം കള്ള്. കാപ്പിക്ക് പകരം ജാപ്പി.
  3. കൃത്രിമ ഭക്ഷണം കഴിക്കുമ്പോള്‍ ദാഹം തോന്നുന്നുവെങ്കില്‍ വെള്ളം കുടിക്കാതിരിക്കുന്നത്‌, ആര് പറഞ്ഞിട്ടാണെങ്കിലും അശാസ്ത്രീയമാണ്.
  4. പച്ചക്കറി നമ്മുടെ ഭക്ഷണമല്ല; അരി കുരുവികളുടെതാണ്. ഇലകളാകട്ടെ പത്രഭുക്കുകളുടെയും.
  5. മറ്റേതു ധാന്യത്തെയും പോലെ വാഴപ്പഴവുംദഹനേന്ദ്രിയ വ്യൂഹത്തിനു ഭാരം നല്‍കും.
  6. ഭക്ഷണം എതായാലും മനസ്സ് നന്നായാല്‍ മതി.
ഒളിമ്പസ്
  1. ഒളിമ്പസ് മറ്റാരും കാണാത്തതല്ല.
  2. തൊട്ടറിയാത്തതിനെ സ്വന്തമെന്നു ഒളിമ്പസ് പറയാറില്ല.
  3. ഒളിമ്പസ്സെന്നാല്‍ ഒരുനേരം ഭക്ഷണവും രണ്ടു നേരം എനിമയും അല്ല.
  4. തിരുത്തലിനും അഴിച്ചു പണിക്കും ഒളിമ്പസ് എന്നും സന്നദ്ധമാണ്.

Tuesday, August 2, 2011

അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ

പ്രിയ പഠിതാവിനു ,

ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ല നമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ കുമിച്ചു കൂട്ടി, നാം ആരെന്നു തിരിച്ചറിയാന്‍ പോലും അറിയാതായ ഒരു സംസ്കൃതിക്ക് മുന്നില്‍ വയ്ക്കാന്‍, ഒരു പ്രതിവിദ്യാ പദ്ധതിയായി, ഒളിമ്പസ് മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. ഇത് മയൂട്ടിക് അദ്ധ്യാപന (നിങ്ങള്‍ക്കുള്ളിലുള്ള ജ്ഞാനത്തെ പേറെടുത്ത് തരുന്ന) രീതിയില്‍ ആണ് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരു സാമാന്യ പാഠ്യപദ്ധതി ഇല്ല തന്നെ. താളമിടല്‍, വിശദമായ, അന്തര്‍ നിരീക്ഷണങ്ങള്‍, അവതരണങ്ങള്‍, നൃത്തം, ആഹാരപാചകവും തീറ്റിയും എന്ന് തുടങ്ങി, കൂട്ടപ്പാട്ടുകളും തമാശകളും വരെക്കൊണ്ട് സമൃദ്ധമാണ്‌ ഈ വഴി നടത്തം. ഈ വഴി നടക്കാന്‍ നിങ്ങള്‍ തയാറല്ലെങ്കില്‍ നഷ്ടമാവുക അത്യപൂര്‍വ വഴികാഴ്ച്ചകളാണ് .

സര്‍വകലാശാലകളും സംസ്കാരങ്ങളും നിങ്ങളെ പഠിപ്പിച്ച സങ്കേതങ്ങളില്‍ നിന്നും നിങ്ങളെ പ്രതിവഴി നടത്താന്‍, അതിലും വലിയ സങ്കേതങ്ങള്‍, കൊണ്ട് നടക്കേണ്ടുന്ന ഗതികേടിലാണ് ഞങ്ങള്‍. ഒടുവില്‍ ഈ പ്രതി സങ്കേതങ്ങള്‍ നമുക്ക് കളയാമെങ്കിലും തല്‍കാലം സഹിക്കാതെ നിവൃത്തിയില്ല. നമ്മള്‍ ഈ പ്രതി നടത്തം നടന്നേ പറ്റൂ. എല്ലാര്‍ക്കും ഒരുമിച്ചു നടക്കാനായാല്‍ അത്രയും നല്ലത്.

വഴി ഏറെയുണ്ട് യാത്ര ചെയ്യാന്‍. ഈ ഒരു ദിവസം, ഒരു തുടക്കം മാത്രമാണ്. കണ്ടു കേട്ട് പോകലിനാകരുത്‌ ശ്രമം. മുന്‍വിധികള്‍ നിങ്ങളെ നിന്നിടത്തു തളച്ചിടും. മനസ്സും വ്യക്തിത്വവും തുറന്നിടുക. അല്പം പോലും വൈകിക്കാതെ..

പരിചയപ്പെടുത്തലിനുള്ള മാര്‍ഗരേഖ

ഒളിമ്പസ്സിന്റെ എല്ലാ പഠന പരിപാടികളും പങ്കാളിത്ത ശൈലിയിലുള്ളതാണ്. ചര്‍ച്ചകളും ചോദ്യോത്തരികളും ഒക്കെ ഉണ്ടാകും. പരസ്പരം വ്യക്തിപരമായോ സംജ്ഞാപരമായോ ഉള്ള വ്യക്തമായ പരസ്പര പരിചയം ഇല്ലെങ്കില്‍, ആശയ വിനിമയം ഫലപ്രാപ്തിയിലെത്തില്ല. അത്തരമൊരു യൌക്തിക വ്യക്തത ഉണ്ടാക്കുക എന്നതാണ് ഒളിമ്പസ്സിന്റെ പഠനപരിപാടിയിലെ ആദ്യ ഇനം. അതിനു നിയതമായൊരു അവതരണ രൂപവും നാം തുടര്‍ന്ന് വരുന്നുണ്ട്. അതിന്റെ ക്രമം ചുവടെ കൊടുക്കുന്നു.
  1. മുഴുവന്‍ പേര്, വയസ്സ്, സ്ഥലം
  2. ആണോ പെണ്ണോ (മുഖാമുഖം അല്ലെങ്കില്‍)
  3. എന്ത് ചെയ്യുന്നുവെന്നത്
  4. കുടുംബവിശേഷം
  5. നിലവിലുള്ള കുടുംബ/സംഘ(ടനാ) വിവരങ്ങള്‍
  6. ഔപചാരിക /അനൌപചാരിക/ സാങ്കേതിക/വിജ്ഞാനീയ /പരിജ്ഞാനീയ യോഗ്യതകള്‍
  7. താല്പര്യങ്ങള്‍/ ഹോബികള്‍
  8. സൌഹൃദങ്ങള്‍
  9. നിലവിലുള്ള ഔപചാരിക / അനൌപചാരിക കര്‍മ മേഖലകള്‍
  10. ബദല്‍ മേഖലയിലേക്കുള്ള വഴിതിരിവിന്റെ കാരണങ്ങള്‍
  11. സംഘടനയും പശ്ചാത്തലവും
  12. ജീവിത ലക്‌ഷ്യം വിശദമായി
  13. ആകര്‍ഷിച്ചിട്ടുള്ള ദര്‍ശനങ്ങളും ജീവിത ശൈലികളും വിശദമായി
  14. ഓര്‍ത്തോണമി , ഇക്കൊസഫി, ഇക്കോ സ്പിരിച്വാലിറ്റി , ഒളിമ്പസ് എന്നിവയെ പറ്റിയുള്ള അറിവ്.
  15. മറ്റു പ്രധാന വിവരങ്ങള്‍
  16. ഇവിടെ വന്നു ചേര്‍ന്ന വഴി
  17. ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്.

പ്രാഥമിക വിലയിരുത്തല്‍

ഒളിമ്പസ്സിന്റെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിലയിരുത്തല്‍ പ്രക്രിയയുണ്ട്‌. പഠനാരംഭത്തില്‍ തന്നെ, പഠിതാവിന്റെ ഇന്നോളം സ്വായത്തമാക്കിയ ലോക വിജ്ഞാനവും, വീക്ഷണ ഗതിയും, വിഷയ ജ്ഞാനവും, സാങ്കേതിക ജ്ഞാനവും, സാമാന്യ ബോധവും, ശേഷിയും ഒന്ന് വിലയിരുത്തേണ്ടതുണ്ട്. ഇത് ഈ പഠന പ്രക്രിയയില്‍ പഠിതാവിനെയും മാര്‍ഗദര്‍ശികളെയും ഒരുപോലെ സഹായിക്കും. പഠന ശേഷം സ്വയവും മാര്‍ഗദര്‍ശികള്‍ക്കും പഠനാന്തര വികാസത്തെ അളക്കാനും ഈ വിലയിരുത്തല്‍ ഉപകരിക്കും.

  1. നിങ്ങളുടെ വീക്ഷണത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും മുഖ്യമായ പത്തു പ്രശ്നങ്ങള്‍ എന്തെല്ലാം?
  2. അവയില്‍ കേന്ദ്ര കാരണം ഏതെന്നു നിങ്ങള്‍ക്കു തോന്നുന്നു? എന്തുകൊണ്ട്?
  3. ഇതിനു നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം? എന്തുകൊണ്ട്?
  4. നിങ്ങളുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസം നിങ്ങളുടെ സഹജ ശേഷിയില്‍ ഉണ്ടാക്കുന്ന മാറ്റം എന്താണ്?
  5. നിങ്ങള്‍ വിശ്വാസിയാണോ? എന്തുകൊണ്ട്?
  6. നിങ്ങളുടെ വീക്ഷണത്തില്‍ അറിവ് എന്നാല്‍ എന്താണ്? അതിന്റെ ഉറവിടങ്ങള്‍ എന്തെല്ലാമാണ്?
  7. സര്‍വകലാശാലകളിലൂടെയും, മറ്റു പാഠ പുസ്തകങ്ങളിലൂടെയും മറ്റും നാം പഠിച്ചു വരുന്ന " ശാസ്ത്രം " ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്ത് കൊണ്ട്?
  8. ഉയര്‍ന്ന ധന സമ്പാദനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, ഉയര്‍ന്ന പ്രസിദ്ധി, ഇവ നിങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു?
  9. ആരോഗ്യം, ആരോഗ്യ സംരക്ഷണം: നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
  10. നിങ്ങള്‍ - കൃഷി : ബന്ധം വ്യക്തമാക്കുക.
  11. നിങ്ങള്‍ - ഭരണ കൂടം - ജീവിതം : ബന്ധം വ്യക്തമാക്കുക.
  12. നിങ്ങള്‍ - സംഗീതം - ജീവിതം : ബന്ധം വ്യക്തമാക്കുക.
  13. ഗോത്രം - കൂട്ടുകുടുംബം - കുടുംബം - അണുകുടുംബം - അടുത്തത് ? : വിശദമാക്കുക.
  14. നിങ്ങളുടെ വീക്ഷണത്തില്‍ ജീവിതത്തിനു ഒരു പ്രത്യയ ശാസ്ത്രം ആവശ്യമുണ്ടോ?
  15. ജീവിതത്തെ പ്രകൃതിയുമായി നിങ്ങള്‍ എങ്ങനെ ബന്ധപ്പെടുത്തുന്നു?
  16. ആഗോള തലത്തില്‍ നമുക്കുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ? എത്രത്തോളം?
  17. നിങ്ങളാഗ്രഹിക്കുന്ന ഭാവി ലോകം എങ്ങിനെയുള്ളതായിരിക്കണം?
  18. സുസ്ഥിര ജീവനം : നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുക.
  19. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എവിടെയാണ് പരിസ്ഥിതി ?
  20. ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടോ? ഇത്ര നേരം കൊണ്ട് എന്തെല്ലാം തോന്നുകയുണ്ടായി?


ഇനി നമുക്ക് നടക്കാം

ഒളിമ്പസ് ദര്‍ശനം (മുഖവുര)

ഒളിമ്പസ് ദര്‍ശനത്തിന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ ബ്ലോഗ്‌. കൂടാതെ ഞാന്‍ (സന്തോഷ് ഒളിമ്പസ് ) മലയാളം ടൈപിംഗ് പഠിച്ചു എന്നതും ഒരു കാരണമാണ്. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല്‍ ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കുമുള്ള ഞങ്ങളുടെ ചൊല്‍കാഴ്ചയാണ്. വേണ്ട വിധം ഉപയോഗിക്കണമെന്ന് മാത്രം.

ഇത് സുസ്ഥിര ജീവിതത്തിന്റെ അടുത്ത പടി തേടുന്നവര്‍ക്ക് ഉള്ളതാണ്. ബൌദ്ധിക വ്യായാമം മാത്രം പ്രതീക്ഷിക്കുന്നവരെ ഇവിടെ അധികമായി പരിഗണിക്കില്ല. ഇത് യുക്തിയുള്ള വിശ്വാസികള്‍ക്കുള്ളതാണ്. അതായത് യുക്തിവാദിക്കോ ഭക്തിവാദിക്കോ ഇവിടെ നിന്നും വലുതായൊന്നും കിട്ടാനുണ്ടാകില്ല. സത്യാനുഭവിക്കു സത്യം അനുഭവമാണ്, വിശ്വാസമല്ല. നിലംതൊടാ പച്ചയായി, യുക്തിയാല്‍ പ്രതീതമാകുന്ന സത്യങ്ങളെ വിശ്വസിക്കലല്ല സത്യാനുഭവം. അത് നേര്‍ അനുഭവം മാത്രമാണ് . സജാവബോധത്താല്‍ അനുഭവവേദ്യമായ പ്രായോഗിക സത്യങ്ങളെ ബോധിച്ചു പിന്തുടരലാണ്. ഇടയ്ക്ക് സംസ്കാരം പ്രേരിപ്പിച്ച യുക്തിയാല്‍ യാത്ര മുട്ടി നിന്നേക്കാം. അവിടെ യുക്തിയാല്‍ തന്നെ മുട്ടിളക്കുക. അതിനുള്ള പ്രതി വിദ്യാ സങ്കേതങ്ങള്‍ ഒളിമ്പസ്സിന്റെ പഠന വഴികളില്‍ നിങ്ങള്‍ക്കു കിട്ടും. സമഗ്ര ജീവിത ദര്‍ശനത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരു വിശ്വപൌരന്, വിശ്വാസ പൂര്‍വ്വം ഒളിമ്പസിനെ സ്വീകരിക്കാം. വ്യക്തിപരതയിലൂന്നുന്ന, ഒന്നിനെയും വിശ്വസിക്കാനാകാത്ത, അവനവനെയും പ്രകൃതിയെയും ദ്വന്ദങ്ങളായി മാത്രം കരുതുന്ന, ഒരാള്‍ക്കും ഒളിമ്പസ്സിനെ സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ യുക്തിംഭരികള്‍ക്ക് മുന്നോട്ടുപോകാനാകാതെ ഇവിടെ നിന്ന് തിരിച്ചുപോകേണ്ടി വരും, ആര്‍ക്കും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാതെ..

ഇനി, വാദിക്കാതെ, ഇഴുകുന്നവരോട്.
ഇത് വിശ്വ മാനവികതയ്ക്ക് വേണ്ടിയുള്ള ദര്‍ശനമാണ്. തേടുക, അറിയുക, അതായിത്തീരുക എന്ന് ഒളിമ്പസ് പഠിപ്പിച്ച ഒരു പഠനക്കാലം കാല്‍ നൂറ്റാണ്ട് കൊണ്ട് ഒളിമ്പസ് ചെലവാക്കി കഴിഞ്ഞു. ഇനി തേടി നടക്കാന്‍ സമയം ഇല്ല തന്നെ. വിശ്വസിക്കുക, ചെന്നറിയുക, അതായി തീരുക എന്ന് നമ്മുടെ മുദ്രാവാക്യത്തെ ഇനിയൊന്നു മാറ്റിയെഴുതാം.

ഇത്രയും പരുക്കനായി പറഞ്ഞത്, കൊഴിഞ്ഞുപോക്ക് കൂട്ടാനാണ്. യുക്തര്‍ മാത്രം തുടര്‍ന്നു സഹയാത്ര ചെയ്‌താല്‍ മതി എന്ന് കരുതിയാണ്. മുന്‍വിധികള്‍ കൊഴിയട്ടെ. കര്‍മേന്ദ്രിയങ്ങളും , ജ്ഞാനേന്ദ്രിയങ്ങളും, സ്മ്രിതീന്ദ്രിയങ്ങളും, വിവിക്തേന്ദ്രിയങ്ങളും സ്വത്വേന്ദ്രിയങ്ങളും തുറന്നിരിക്കട്ടെ. സങ്കല്പങ്ങളും കഥകളുമല്ല, പകരം അനുഭവങ്ങളുടെ ഘോഷയാത്ര നിങ്ങളെ കാത്തിരിക്കുന്നു. സ്വാഗതം!!

ഹരിതാഭിവാദനങ്ങളോടെ

ഒളിമ്പസ്സിലെ ബന്ധുക്കള്‍