Wednesday, August 3, 2011

എന്താണ് ഒളിമ്പസ്

മനുഷ്യന്‍ അവന്റെ വികസനത്തിനെ കൊടുമുടിയിലാണ്. മണ്ണും വിണ്ണും കാല്കീഴിലാക്കി അറിവിന്റെയും, സൌകര്യങ്ങളുടെയും, ഒട്ടേറെ ഇഷ്ടാനിഷ്ടങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്ന മനുഷ്യന്റെ പരിധിയില്‍പ്പെടാതെ പോകുന്നത്, അവനവനെക്കുറിച്ചുള്ള അറിവ് മാത്രം. ഇത് അറിയിക്കാനായി, മനുഷ്യനുണ്ടായ കാലം മുതല്‍ തൊട്ടു, ഒട്ടേറെ ജീവിത ശൈലികളും, ദര്‍ശനങ്ങളും, മതങ്ങളും, ഇസങ്ങളും, ശാസ്ത്രശാഖകളും, നവ സാങ്കേതിക - മനെജുമെന്റ്റ് സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. ഇവയ്ക്കിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, യഥാര്‍ത്ഥത്തിലുള്ള നിലനില്‍പ്പിനെയും നാമറിയുന്നില്ല. ജീവരാശിയുടെ സുസ്ഥിരമായൊരു ജീവനത്തെ ശാസ്ത്രീയമായും, ആത്മീയമായും പ്രായോഗികമായും അറിയുവാന്‍ ഒരു പുതിയ സുസ്ഥിര ജീവന പദ്ധതി ഇവിടെ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്ന (ജ്ഞാനീയമായ - Cognitive) പ്രത്യക്ഷമായ പ്രതിഭാസങ്ങളേയും (Phenomena) ഇതര ഇന്ദ്രിയങ്ങള്‍ കൊണ്ട് മാത്രം അറിയാന്‍ കഴിയുന്നതോ അല്ലാത്തതോ ആയ (വിശിഷ്ടമായ - Transcendental) പ്രത്യക്ഷമല്ലാത്ത പ്രതിഭാസങ്ങളേയും (Naumina) വിശദീകരിക്കുന്ന ഒരു സമഗ്ര പരിസ്ഥിതി ദര്‍ശനമാണ് ഒളിമ്പസ്. പ്രപഞ്ചം, ജീവന്‍, ജീവിതം, മനസ്സ്, ആരോഗ്യം, നിയതി, കാലം, തുടങ്ങി ജീവിതവുമായി ബന്ധമുള്ളതായ, മിക്കവാറും എല്ലാ വിഷയങ്ങളെയും, ജീവന യുക്തമായി ഒളിമ്പസ് പരിചയപ്പെടുത്തുകയും, പഠിപ്പിക്കുകയും, അനുഭവ വേദ്യമാക്കുകയും ചെയ്യുന്നു. ആധുനിക ഭൌതികം, ഉത്തരാധുനിക തത്വചിന്ത, പൌരാണിക തത്വചിന്ത, ആധുനിക മാനേജ്‌മന്റ്‌, ഉത്തരാധുനിക വൈദ്യശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളിലെ സങ്കേതങ്ങള്‍, ഒളിമ്പസ് വ്യാഖ്യാനങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്.

മനുഷ്യന്‍ ബോധം കൊണ്ട് അറിയേണ്ടുന്നവയെ ബുദ്ധി കൊണ്ടറിയാന്‍ തുടങ്ങിയതിനു മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. ഇത് ഒട്ടേറെ വൈവിദ്ധ്യങ്ങള്‍ക്കും, കണ്ടെത്തലുകള്‍ക്കും വഴി വച്ചെങ്കിലും, കെട്ടുറപ്പുള്ള ഗോത്ര - കൂട്ടുകുടുംബ - കുടുംബ വ്യവസ്ഥകള്‍ പിന്നിട്ടു അവനെ തികഞ്ഞ വ്യക്തിപരതയിലേക്ക് തള്ളിവിടുകയാണ് ഉണ്ടായത്. സാമൂഹ്യ ഗുരുത്വ സ്വഭാവം കൈ വെടിയുന്ന ഓരോരുത്തരും (സമൂഹത്തിന്റെ ഓരോ ഘടകങ്ങളും) അവനവനിസത്തിലേക്ക് നീങ്ങുമ്പോള്‍ നഷ്ടമാകുക സാമൂഹ്യമായ കെട്ടുറപ്പാണ്. പ്രക്ഷുബ്ധമായ സാമൂഹ്യ - രാഷ്ട്രീയ - പാരിസ്ഥിതിക - ആത്മീയ പശ്ചാത്തലം സൃഷ്ടിക്കപ്പെടുക വഴി നമുക്ക് നഷ്ടമാകുന്നത് സുസ്ഥിരതയാണ്.

നഷ്ടമാകുന്ന ഈ സുസ്ഥിരതയെ വ്യക്തി മുതല്‍ സമൂഹം വരെ സാദ്ധ്യമായ അളവില്‍ പുന:സ്ഥാപിക്കുക എന്ന പ്രായോഗിക പരിപാടിയാണ് ഒളിമ്പസ് മുന്നോട്ടു വയ്ക്കുന്നത്. ആരോഗ്യം, ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, വിനിമയം, പാരസ്പര്യം, മാനെജുമെന്റ്റ്, തൊഴില്‍, കല, ഭരണം, പരിസ്ഥിതി എന്ന് തുടങ്ങി ജീവിതവുമായി ബന്ധം വരുന്ന എല്ലാ മേഖലകളിലും ഒളിമ്പസ് വഴി കാട്ടുന്നു. വ്യക്തികള്‍ക്കും, കുടുംബ / സംഘങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും, രാഷ്ട്രത്തിനും വരെയുള്ള വ്യത്യസ്ത പ്രയോഗ രീതികളാണ് ഒളിമ്പസ്സിനുള്ളത്.

No comments:

Post a Comment