Tuesday, August 2, 2011

ഒളിമ്പസ് ദര്‍ശനം (മുഖവുര)

ഒളിമ്പസ് ദര്‍ശനത്തിന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

നീന്തലും ചികിത്സയും തുടങ്ങി മുലയൂട്ടു വരെ തപാലില്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ഒളിമ്പസ്സ് മാത്രമെന്തിനു നേരിട്ടേ പഠിപ്പിക്കൂ എന്ന് ശഠിക്കുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നി തുടങ്ങിയതിന്റെ ഫലമാണ് ഈ ബ്ലോഗ്‌. കൂടാതെ ഞാന്‍ (സന്തോഷ് ഒളിമ്പസ് ) മലയാളം ടൈപിംഗ് പഠിച്ചു എന്നതും ഒരു കാരണമാണ്. ഇത് മലയാള ഭാഷ അറിയുകയും, ഒരു സമഗ്ര ബദല്‍ ജീവിത വ്യവസ്ഥയെ അന്വേഷിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കുമുള്ള ഞങ്ങളുടെ ചൊല്‍കാഴ്ചയാണ്. വേണ്ട വിധം ഉപയോഗിക്കണമെന്ന് മാത്രം.

ഇത് സുസ്ഥിര ജീവിതത്തിന്റെ അടുത്ത പടി തേടുന്നവര്‍ക്ക് ഉള്ളതാണ്. ബൌദ്ധിക വ്യായാമം മാത്രം പ്രതീക്ഷിക്കുന്നവരെ ഇവിടെ അധികമായി പരിഗണിക്കില്ല. ഇത് യുക്തിയുള്ള വിശ്വാസികള്‍ക്കുള്ളതാണ്. അതായത് യുക്തിവാദിക്കോ ഭക്തിവാദിക്കോ ഇവിടെ നിന്നും വലുതായൊന്നും കിട്ടാനുണ്ടാകില്ല. സത്യാനുഭവിക്കു സത്യം അനുഭവമാണ്, വിശ്വാസമല്ല. നിലംതൊടാ പച്ചയായി, യുക്തിയാല്‍ പ്രതീതമാകുന്ന സത്യങ്ങളെ വിശ്വസിക്കലല്ല സത്യാനുഭവം. അത് നേര്‍ അനുഭവം മാത്രമാണ് . സജാവബോധത്താല്‍ അനുഭവവേദ്യമായ പ്രായോഗിക സത്യങ്ങളെ ബോധിച്ചു പിന്തുടരലാണ്. ഇടയ്ക്ക് സംസ്കാരം പ്രേരിപ്പിച്ച യുക്തിയാല്‍ യാത്ര മുട്ടി നിന്നേക്കാം. അവിടെ യുക്തിയാല്‍ തന്നെ മുട്ടിളക്കുക. അതിനുള്ള പ്രതി വിദ്യാ സങ്കേതങ്ങള്‍ ഒളിമ്പസ്സിന്റെ പഠന വഴികളില്‍ നിങ്ങള്‍ക്കു കിട്ടും. സമഗ്ര ജീവിത ദര്‍ശനത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരു വിശ്വപൌരന്, വിശ്വാസ പൂര്‍വ്വം ഒളിമ്പസിനെ സ്വീകരിക്കാം. വ്യക്തിപരതയിലൂന്നുന്ന, ഒന്നിനെയും വിശ്വസിക്കാനാകാത്ത, അവനവനെയും പ്രകൃതിയെയും ദ്വന്ദങ്ങളായി മാത്രം കരുതുന്ന, ഒരാള്‍ക്കും ഒളിമ്പസ്സിനെ സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ യുക്തിംഭരികള്‍ക്ക് മുന്നോട്ടുപോകാനാകാതെ ഇവിടെ നിന്ന് തിരിച്ചുപോകേണ്ടി വരും, ആര്‍ക്കും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാതെ..

ഇനി, വാദിക്കാതെ, ഇഴുകുന്നവരോട്.
ഇത് വിശ്വ മാനവികതയ്ക്ക് വേണ്ടിയുള്ള ദര്‍ശനമാണ്. തേടുക, അറിയുക, അതായിത്തീരുക എന്ന് ഒളിമ്പസ് പഠിപ്പിച്ച ഒരു പഠനക്കാലം കാല്‍ നൂറ്റാണ്ട് കൊണ്ട് ഒളിമ്പസ് ചെലവാക്കി കഴിഞ്ഞു. ഇനി തേടി നടക്കാന്‍ സമയം ഇല്ല തന്നെ. വിശ്വസിക്കുക, ചെന്നറിയുക, അതായി തീരുക എന്ന് നമ്മുടെ മുദ്രാവാക്യത്തെ ഇനിയൊന്നു മാറ്റിയെഴുതാം.

ഇത്രയും പരുക്കനായി പറഞ്ഞത്, കൊഴിഞ്ഞുപോക്ക് കൂട്ടാനാണ്. യുക്തര്‍ മാത്രം തുടര്‍ന്നു സഹയാത്ര ചെയ്‌താല്‍ മതി എന്ന് കരുതിയാണ്. മുന്‍വിധികള്‍ കൊഴിയട്ടെ. കര്‍മേന്ദ്രിയങ്ങളും , ജ്ഞാനേന്ദ്രിയങ്ങളും, സ്മ്രിതീന്ദ്രിയങ്ങളും, വിവിക്തേന്ദ്രിയങ്ങളും സ്വത്വേന്ദ്രിയങ്ങളും തുറന്നിരിക്കട്ടെ. സങ്കല്പങ്ങളും കഥകളുമല്ല, പകരം അനുഭവങ്ങളുടെ ഘോഷയാത്ര നിങ്ങളെ കാത്തിരിക്കുന്നു. സ്വാഗതം!!

ഹരിതാഭിവാദനങ്ങളോടെ

ഒളിമ്പസ്സിലെ ബന്ധുക്കള്‍

1 comment:

  1. കൊഴിയാതെ തുടരുന്നു ...

    ReplyDelete