Wednesday, October 12, 2011

സന്തോഷവും സമൃദ്ധിയും

വര്‍ഗ സമരങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും
ഓര്‍മ്മകള്‍ ഉണ്ടായി തുടങ്ങുന്ന കാലമാണിത്.. .
വര്‍ഗങ്ങള്‍ ഇല്ലാതായതല്ല,
വര്‍ഗ സമരങ്ങള്‍ ഇല്ലതാകുന്നതിന്റെ കാരണം,
വര്‍ഗങ്ങള്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം എന്ന്
സമൂഹം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതാണ്‌..
അദ്ധ്വാനിക്കുന്നവനും മുതലിനെ ആളുന്നവനും,
ചരിത്ര കാലം മുതല്‍ മനുഷ്യ സമൂഹത്തിനു പരിചിതമാണ്.
അദ്ധ്വാനിക്കാതെ നേടുന്ന സ്വത്തിനു ഒരല്പം മാന്യതയും
സമൂഹം പ്രത്യക്ഷത്തില്‍ കൊടുക്കുന്നുമില്ല.
ഇതിലെവിടെയൊക്കെയോ ചേര്‍ത്ത് വായിക്കാനാകാത്ത കുറെ..
സമ്പദ് വ്യവസ്ഥയുടെ പ്രത്യയ ശാസ്ത്രങ്ങളും,
സങ്കീര്‍ണ ഭൌതിക വാദങ്ങളും ഒക്കെ,
സമ്പത്ത് മനുഷ്യാധ്വാനത്തിന്റെ
ഉപോല്പന്നമാനെന്നു വിലയിരുത്തിയിട്ടുണ്ട്.
"ഇക്കോ" ണമി എന്നാല്‍, പ്രകൃതിയുടെ
കണക്കെടുപ്പെന്നു കരുതി അവര്‍ എഴുതിയുണ്ടാക്കിയ
പുസ്തകങ്ങങ്ങളില്‍, പ്രകൃതിയുടെ സ്വയം സിദ്ധ സ്വഭാവത്തെ
നിരീക്ഷിക്കാതെ പോയോ എന്നൊരു സംശയം.
അദ്ധ്വാനമാണ് സമ്പത്തുണ്ടാക്കുന്നത് എന്ന് പറയാം.
സമ്പത്തായി മാറുന്നതിനെ എല്ലാം പ്രകൃതിയില്‍ നിന്നും
ഉരുത്തിരിയിക്കുന്നത് അദ്ധ്വാനം തന്നെ...
അത് മനുഷ്യന്റെയോ മൃഗങ്ങളുടെയോ,
യന്ത്രങ്ങളുടെയോ ആകട്ടെ,
ശേഖരണം പോലും അദ്ധ്വാനമാണ്.
എന്നാല്‍ അദ്ധ്വാനം ആണോ സമ്പത്ത് ചേര്‍ക്കുന്നത്?
ഏറ്റവും കായികാദ്ധ്വാനം ചെയ്യുന്ന പോത്തുകള്‍ക്ക് കിട്ടുന്നത്
കാടി വെള്ളം മാത്രം..
ആനകള്‍ക്ക് ഓലയും, പശുക്കള്‍ക്ക് പിണ്ണാക്കും..
കിളയ്ക്കുന്നവനും ചുമക്കുന്നവനും, അഞ്ഞൂറില്‍ താഴെ മാത്രം കൂലി.
കിളപ്പിക്കുന്നവനും, ചുമപ്പിക്കുന്നവനും,
വലിപ്പിക്കുന്നവനും, ചുരത്തിപ്പിക്കുന്നവനും,
ആയിരങ്ങള്‍ സ്വന്തമാകുന്നതു അദ്ധ്വാനിപ്പിച്ചിട്ട്..
എന്തായിരിക്കാം ഇതിന്റെ ഒരു ജീവശാസ്ത്രം?
അദ്ധ്വാനമാണോ സമ്പത്തുണ്ടാക്കുന്നത് ?
അദ്ധ്വാനവും സമ്പത്തും തമ്മിലെന്താണ് ബന്ധം ?
സമ്പത്തു ചേര്‍ക്കാന്‍,
അതുണ്ടാകുന്നുവെന്ന സങ്കല്പവും ഭാവനയും,
അതുണ്ടായി വരാനുള്ള വ്യവസ്ഥയും ആണ് വേണ്ടത്.
വ്യവസ്ഥ, നമുക്ക് ചുറ്റും, മുന്നേ ഉണ്ടായി പരന്നു കിടക്കുന്നുണ്ട്..
ഇനി വേണ്ടത് സമ്പത്തുണ്ടെന്ന സങ്കല്പമാണ്.
ഉണ്ടാകുമെന്ന ഭാവനയാണ്.
അത് വന്നു കൊള്ളും..
പട്ടിണിയും ദാരിദ്ര്യവും നമ്മുടെ ഭാവനകളുടെ സംഭാവനകളാണ്.
(ഇവിടെ ഇല്ലാതെയല്ലല്ലോ, അവര്‍ക്ക് കഴിക്കാന്‍ കിട്ടാത്തത്..)
സംസ്കാരം എന്ന് നാം ഉദ്ഘോഷിക്കുന്ന
വ്യവസ്ഥയുടെ, വിവരക്കേടിന്റെ ജീര്‍ണത..
അതിലൊരു മാറ്റം ഉണ്ടാക്കാന്‍, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും,
സമ്പത്ശാസ്ത്രങ്ങള്‍ക്കും, കഴിഞ്ഞാല്‍,
ദാരിദ്ര്യം, നമ്മെ വിട്ടു പൊയ്ക്കോളും.
നാം അതിനു സര്‍വാത്മനാ തയ്യാറായാല്‍ മാത്രം..
നമുക്ക്, നന്നായി, ഭാവന ചെയ്യാം,
സന്തോഷവും സമൃദ്ധിയും, സൌഖ്യവും
ചേര്‍ന്ന ഒരു ജീവിതത്തെ,
എങ്ങും, എല്ലാര്‍ക്കും, എല്ലായ്പ്പോഴും,..


(പ്രകൃതിയുടെ പാകപ്പെടല്‍, കാലത്തിന്റെ (പ്രപഞ്ച വികാസത്തിന്റെ ) വഴിയില്‍ തന്നെ ആണ്. വികാസത്തെ നിശ്ചലമാക്കാന്‍ നമുക്ക് കഴിയില്ല. പകരം, അതിന്റെ ദിശയെ ചെറുതായി സ്വാധീനിക്കാന്‍ ആകും. മനുഷ്യ നിര്‍മിത ക്ഷാമവും, പട്ടിണിയും മാറ്റുവാന്‍, മനുഷ്യന് കഴിയും എന്നാണ് പറഞ്ഞത്. നല്ലതായാലും ചീത്തയായാലും, പ്രകൃതിയുടെ നിയമ വ്യവസ്ഥ ഉപയോഗിച്ച് കൊണ്ടേ സംഭവിക്കുകയുള്ളൂ..)

കൃതജ്ഞരാകുക

സര്‍വവും നമുക്ക് തന്നത് പ്രാകൃതീയം (പ്രകൃതിയുടെ പരമ പ്രതിഭാസം). അതിനോട് കൃതജ്ഞത ഉള്ളവരാകുക. സര്‍വരോടും, കൃതജ്ഞരാകുക, സര്‍വതിനോടും കൃതജ്ഞരാകുക. കൃതജ്ഞത ഉള്ളില്‍ ഉണരുമ്പോള്‍ കണ്ണ് നിറയാം, ശിരസ്സ്‌ നമിക്കാം, കൈ ഹൃത്തില്‍ ചേര്‍ത്ത് വയ്ക്കാം.. ശരീരം എമ്പാടും കുളിര് കോരാം.. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് എന്തോ നമ്മെ വിലയം ചെയ്യുന്നത് നമുക്കറിയാന്‍ കഴിയും. ഈയൊരവസ്ഥയില്‍, നമ്മുടെ ഉള്ളത്തിലേക്ക് വരുന്ന എന്തൊരാഗ്രഹവും, അധികം കാലവിളംബം ഇല്ലാതെ സാധിക്കും. കാരണം, യുക്തികളും സ്വാധീനവും ഇല്ലാതെ മനം നിര്‍മലമായി, പ്രാകൃതീയവുമായി ഏകാതാനമാകുന്ന നിമിഷമാണതു. വയറിനകത്തെ ദാഹം കോശങ്ങളും കലകളും നമ്മളോട് പറയുന്നത് പോലെ, നമ്മിലെ ആവശ്യങ്ങള്‍ പ്രകൃതിയും അറിയും. പ്രക്ഷുബ്ദ്ധതകളും പിരിമുറുക്കവും ഇല്ലാതെ പരിസരവുമായി ഇഴുകാന്‍ നമുക്കാകും. കൃതജ്ഞാവസ്തയിലും ശുദ്ധ ഭക്തിയിലും മാത്രമാണ് ഈ സുതാര്യത ഉണ്ടാകുക. അത് കൊണ്ട് കൃതജ്ഞരാകുക. ഇപ്പോഴും എല്ലായ്പ്പോഴും..

പ്രതികരണാത്മകതയും സൃഷ്ട്യാത്മകതയും

ജൈവ വ്യവസ്ഥകള്‍ ചലനാത്മകമാണ്. അതിലുപരി അത് സൃഷ്ട്യാത്മകമാണ്. സൃഷ്ടിക്കൊരു വിഭാവനം ആദ്യമേ വേണം. സൃഷ്ടിക്കു വേണ്ടുന്ന ഭൌതിക ചേരുവകള്‍ വേണം. അതിനുള്ള കരവിരുതും സൌന്ദര്യ ബോധവും ക്ഷമയും പക്വതയും ഒക്കെ വേണം. അപ്പോള്‍ അതൊരു സൃഷ്ടി കര്‍മത്തിന് യോഗ്യമാകുന്നു.
സൃഷ്ടി ഓരോ ജൈവ സത്തയും അനസ്യൂതം നടത്തുന്നു. സൃഷ്ടി ശേഷി കുറഞ്ഞു വരികയെന്നാല്‍ മരണം അടുക്കുന്നുവെന്ന് അര്‍ഥം. മരിച്ച ജൈവ സത്തയുടെ സ്വഭാവമാണ് ജടത്വം. മരിക്കാത്ത ജൈവ സത്തകളും ജടത്വ സ്വഭാവം പ്രകടിപ്പിക്കാം. അവകള്‍ പരിസരം തനിക്കിഷ്ടമല്ലാത്തത് ചെയ്യുമ്പോള്‍ മാത്രം പ്രതികരിക്കും. എങ്കിലോ സൃഷ്ടി കര്‍മമൊട്ടു നിര്‍വഹിക്കുകയുമില്ല. അത് വൈകാരിക ബുദ്ധി പോയിട്ട് വൈകാരിക പക്വത പോലും ഇല്ലാത്തതു കൊണ്ടാണ്. പ്രതികരണാത്മകത ജൈവ സ്വഭാവം തന്നെ. എന്നാല്‍ പ്രതികരണാത്മകത മാത്രമെങ്കില്‍ അത് ജടത്വ സ്വഭാവം ഉള്ള ജൈവ സ്വഭാവം ആണ്.
പ്രതികരണാത്മകത (reactiveness) നാശോന്മുഖതയും ഘര്‍ഷണവും കൂട്ടും. സൃഷ്ട്യാത്മകത (proactiveness) സുസ്ഥിരതയും വളര്‍ച്ചയും വഴക്കവും സൃഷ്ടിക്കും
ഇനി ചിന്തിക്കൂ, നിങ്ങളില്‍ വൈകാരികതയും സൃഷ്ട്യാത്മകതയും, പ്രതികരണാത്മകതയും എവിടെ നില്‍ക്കുന്നു

മറ്റുള്ളവരെ കാണുമ്പോള്‍

വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ അപരിചിതരെയോ നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു? ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്‌, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ വന്നു മറയും. നൈമാഷികമാകും അത്.. എങ്കിലും, നമ്മിലെ സമ്മര്‍ദ്ദം അണുനേരത്തേക്കെങ്കിലും, വര്‍ദ്ധിക്കുമെന്ന് നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയും. അത്തരം കാഴ്ചകളുടെ ഒരു തുടര്‍ച്ചയില്‍ (വീട്ടില്‍, തൊഴിലിടത്തില്‍, കമ്പോളത്തില്‍, വഴിയില്‍, ഉത്സവപ്പറമ്പില്‍, കളയാന വീട്ടില്‍, മൊബൈലില്‍, facebook -ഇല്‍, ഓര്‍ക്കുട്ടില്‍, ബ്ലോഗില്‍, നമ്മുടെ ചിന്തയുടെ സ്വന്തം വഴിയില്‍........ ), ഒരു ദിനം നാം ചിലവാക്കുന്നു എന്നിരിക്കട്ടെ, നാം അറിയാതെ പേറുന്ന അധി സമ്മര്‍ദ്ദത്തെ ഒന്നൂഹിച്ചു നോക്കൂ..
ഈ സമ്മര്‍ദ്ദം (stress) അപകട കാരിയല്ലേ? നമ്മിലെ വിശപ്പ്‌, ദഹനം, വിസര്‍ജനം, ഉപാപചയം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍, ദിനം ദിന കാര്യങ്ങള്‍, മാനെജുമെന്ടു ശേഷി തുടങ്ങി എല്ലാത്തിനെയും ബാധിക്കുന്നു അല്ലെ?
ശരിക്കും സമ്മര്‍ദ്ദം അപകടകാരി ആണോ?
മുന്‍ ഉദാഹരണം എടുക്കുക. കാണുന്നത് ഒരു കൊച്ചു കുഞ്ഞിനെയെങ്കില്‍, വാത്സല്യം എന്നതാണ് നമുക്കുണ്ടാകുന്ന വികാരം (മാനുഷിക ഭാവമുള്ളവര്‍ക്ക്.) പഴയൊരു സ്കൂള്‍ മാസ്ടരെയാണ് കാണുന്നതെങ്കില്‍, ബഹുമാനവും, കൃതജ്ഞതയും ആകും നമുക്കുള്ള വികാരം. അപ്പോഴൊക്കെ കണ്ണ് നിറയുകയോ, വികാരതള്ളിച്ച ഉണ്ടാകുകയോ, ചെയ്യും. ഈ അവസ്ഥ എന്താണ്? നമുക്ക് മുന്നിലുള്ളവ നമ്മെ പോലെ ഒരു പ്രകൃതി വിഭവമാണെന്ന് കരുതി, അല്പം ആര്‍ദ്രതയോടെ, വായിക്കാന്‍ ആവുകയും, ഇവയെല്ലാം നമുക്ക് മുന്നിലെത്തിയത്തിനു സര്‍വതിനും യുക്തിയുടെ സപ്പോര്‍ട്ട് ഇല്ലാതെ കൃതജ്ഞാരായും പ്രയോഗിച്ചു നോക്കൂ.. ഇതാണ്, ഈ സമ്മര്‍ദ്ദമാണ് സുസമ്മര്‍ദ്ദം (eustress). ഇത് സൃഷ്ട്യാത്മകമാണ് . അതല്ലേ നമുക്ക് വേണ്ടത്? സ്വന്തം മനസാക്ഷിയെ തൊട്ടു, ഇത് വായിക്കുന്ന ഓരോരുത്തരും , ഒന്ന് ഉറക്കെ വിശകലനം ചെയ്യാമോ?
മനസ്സിന്റെ, താളാത്മകമായ ഒഴുക്കിനായി ഒളിമ്പസ് പഠിക്കുക, പ്രയോഗിക്കുക.

പ്രകൃതിയോടു സുതാര്യമാകുക

മഴയിലും പുഴയിലും വെള്ളം തന്നെ. എന്ന് വച്ച് ഇവ രണ്ടും ഒന്നല്ല. മഴയായും പുഴയായ്, പ്രകടമാകുന്നത്, രണ്ടു തരം പ്രതിഭാസങ്ങള്‍ കൊണ്ടാണ്. ഇത്തരം പ്രതിഭാസങ്ങളുടെ ഒരു ഭീമാകാര ആകെത്തുകയാണ് പ്രകൃതി പ്രതിഭാസം. അവയെ പ്രകൃതി നിയമങ്ങള്‍ എന്നും വിളിക്കാം. പ്രകൃതി നിയമങ്ങളെ നേരാം വിധം നിര്‍വഹിക്കാന്‍, നാം ബാദ്ധ്യസ്ഥരാണ്‌. (അതാണ്‌ നമ്മുടെ ധര്‍മം) ധര്‍മങ്ങളെ പാലിച്ചില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ വലിയ നിയമങ്ങള്‍ (അതിധര്‍മം) നമുക്ക് മുകളില്‍ നടപ്പിലാകും. ഈ നിയമങ്ങള്‍ കാണാവുന്നതല്ല. അത് രേഖപ്പെടുത്തിയിട്ടുള്ളത് ഓരോ പരമാണുവിന്റെയും സ്വഭാവ രൂപത്തിലാണ്, അവയുടെ പരസ്പര ബന്ധപ്പെടലിന്റെ രൂപത്തിലാണ്. അവയുടെ എകായ്മയുടെ രൂപത്തിലാണ്. അവയ്ക്ക് ഒരു രേഖീയ ക്രമവും അല്ല ഉള്ളത്. (ക്രമമില്ലായ്മയിലെ ക്രമം - കയോസ്)
ഈ പ്രകൃതിയിലെ ഓരോന്നും, അതിലും വലിയ ഒരു കൂട്ടത്തിന്റെ (വ്യവസ്ഥയുടെ / വ്യൂഹത്തിന്റെ) ഭാഗമായിരിക്കും. കോശങ്ങള്‍ കലയുടെ ഭാഗമെന്ന പോലെ, മനുഷ്യന്‍ സമൂഹത്തിന്റെ ഭാഗമെന്ന പോലെ, അണുക്കള്‍ തന്മാത്രയുടെ ഭാഗമെന്ന പോലെ.... ഒരു ഘടകത്തിന്റെ ധര്‍മങ്ങള്‍ തെറ്റുമ്പോള്‍, അത് അണി ചേര്‍ന്നിട്ടുള്ള കൂട്ടത്തിന്റെ ധര്‍മങ്ങള്‍ ഒന്ന് ചേര്‍ന്ന് ഘടകത്തിന്റെ കര്‍മത്തെ തിരുത്തും. തെറ്റ് ചെയ്യുന്നവനെ സമൂഹം ശിക്ഷിക്കുന്നത് പോലെ, വയറിനു ചേരാത്തത് അകത്തു ചെന്നാല്‍ ശര്‍ദ്ദിക്കുന്നത് പോലെ.. മനുഷ്യ സമൂഹം പരിസ്ഥിതി നാശം ചെയ്‌താല്‍ ഭൂമി പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ.. അത്രകണ്ട് അഭേദ്യമാണ് ഓരോഘടകവും അത് അണി ചേര്‍ന്നിട്ടുള്ള കൂട്ടവും. ഒരു വസ്തുവിനും, ഒരു കൂട്ടത്തിന്റെയും ഭാഗമായി നില്‍ക്കാതിരിക്കാനും കഴിയില്ല. അങ്ങിനെയാണ് പ്രപഞ്ചത്തിന്റെ സംവിധാനം. പരമാണു മുതല്‍ പ്രപഞ്ചം വരെയും ഒരു മാലപോലെ വ്യവസ്ഥകളായി ആണ് നില്‍ക്കുന്നത്. അതില്‍ ഒരു ചെറിയ കണ്ണി മാത്രമാണ് മനുഷ്യന്‍. ഈ മാലയുടെ ഏറ്റവും അറ്റത്തുള്ള പ്രപഞ്ച വ്യൂഹത്തിന്റെ നിയമങ്ങളെയാണ് നാം ഈശ്വരീയമെന്നു പറയുന്നത്. (അത് തൊട്ടറിയാന്‍ കഴിയാത്തത് കൊണ്ട്, സാധാരണ ജനത്തിന് മനസ്സിലാകാന്‍ പല പ്രവാചകരും, സംസ്കാരങ്ങളും, അതിനെ ബിംബവത്കരിച്ചു ദൈവത്തെ ഉണ്ടാക്കി.)
നമ്മുടെ കോശങ്ങള്‍ക്ക് നിര്‍മാണ വസ്തുക്കള്‍ വേണ്ടപ്പോള്‍ കോശം കലയോടും, കല അവയവത്തോടും അവയവം നമ്മോടും ഒരു റിലെ രീതിയില്‍ ആവശ്യം ഉന്നയിക്കും. നാമതിനെ വിശപ്പെന്ന് കരുതുകയും, അമ്മയോട് ആവശ്യം ഉന്നയിക്കുകയും, അമ്മ ചന്ത യോടും, ചന്ത വയലുനോടും ചോദിക്കും. തിരിച്ചു വയല്‍ ചന്തയ്ക്കും, ചന്ത അമ്മയ്ക്കും, അമ്മ നമുക്കും, നാം വയറിനും, വയര്‍ കോശങ്ങള്‍ക്കും നല്‍കും. ചോദ്യത്തിന്റെയോ, നല്കലിന്റെയോ ഒരു കണ്ണി മുറിഞ്ഞിരുന്നാല്‍ / മറഞ്ഞിരുന്നാല്‍ ഈ വിനിമയം സാധ്യമാകില്ല. നമ്മുടെ വ്യക്തിപരതയാല്‍, അകം ലോകത്തോടും പുറം ലോകത്തോടും ഒരു കണ്ണാടിത്തം (സുതാര്യത) പാലിക്കാതെയാകുമ്പോള്‍, നാം പ്രകൃതിയൊരുക്കിയ ഈ മഹാ മാലയില്‍ നിന്നും പുറത്താകും.
മനുഷ്യന്‍ അവന്‍ നില്‍ക്കുന്ന പരിസ്ഥിതിയുടെ ഭാഗമെന്നു മറക്കുന്നു. അവനും പ്രകൃതിയും തമ്മിലുള്ള അലംഘനീയ ബന്ധത്തെ മറക്കുന്നു. അത് അവനു വിനയാകുന്നു. എല്ലാം ശരിയാകാന്‍ നാം ഈശ്വരനോട് പ്രാര്‍ഥിക്കുന്നു. പ്രപഞ്ചം ഒരുക്കിയ മാലയില്‍ നിന്നും യുക്തി കൊണ്ട് മാറി നിന്നിട്ട് ഈശ്വരനെ വിളിചിട്ടെന്താണ് കാര്യം? ഈശ്വരന് വിളി കേള്‍ക്കണമെങ്കില്‍, നാം സംവദിക്കേണ്ടത് തൊട്ടടുത്തുള്ള പരിസ്ഥിതിയോടാണ്, സ്വ സമൂഹത്തോടാണ്. അകം പുറം സഹ പരിസ്ഥിതികളെ തൊട്ടറിയുക, അവയോടു സുതാര്യമാകുക. അവയോടു നമുക്കുള്ള ധര്‍മങ്ങളെ നേരാം വിധം നടപ്പിലാക്കുക..

സ്ത്രീയും പുരുഷനും

ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാനെന്നു മനസ്സിലാക്കുക തന്നെ വേണം.
സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും (നാട്ടു) രാജ്യത്തിന്റെയും ഗുരുത്വ ബലം.
വിവരം (information) കൂടുതല്‍ പുരുഷന് തന്നെ. ഗുരുത്വം കുറവ്. (വേണ്ടെങ്കിലും മതില് ചാടും. സ്ത്രീ നിവൃതിയില്ലെന്കിലെ മതില് ചാടൂ.) സാങ്കേതിക ജ്ഞാനം കൂടുതല്‍. സാമൂഹ്യ ഇടപെടലും പരിചയവും കൂടുതല്‍. ജീവിതത്തെ വരെ സാങ്കേതികമായി കാണും.
സ്ത്രീ പുരുഷന്മാരാല്‍ സൃഷ്ടിക്കപ്പെട്ടത് കൊണ്ട് തന്നെ സ്തീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയും ജീവിച്ചിരിക്കുന്നു. ഒരു സ്ത്രീയിലെ പുരുഷ അനുപാദത്തിലെ വ്യത്യാസം ഓരോ സ്ത്രീയും വ്യത്യസ്തരാക്കുന്നു. തിരിച്ചു പുരുഷന്മാരിലും അങ്ങിനെ തന്നെ. സ്ത്രീ പുരുഷ സമത്വം, ഒരു ഉട്ടോപ്യന്‍ ഐഡിയ ആണ്. സമത്വം അല്ല, സമമിതി ആണ് എന്ന് നാം അറിയണം. ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ടിനെ താരതമ്യം ചെയ്യാന്‍ ഒരുങ്ങുന്നിടത് നമുക്ക് തെറ്റി തുടങ്ങുന്നു.

കാലത്തിന്റെ ഊര്‍ജതന്ത്രം

എന്താണ് കാലം അഥവാ സമയം?
ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ ഞാന്‍ ഏറെയും പറയാന്‍ ശ്രമിച്ചത്, പ്രപഞ്ചത്തിലെ നമുക്കറിയാന്‍ കഴിയാവുന്നതും, അല്ലാത്തതുമായ എല്ലാം ഊര്‍ജമാണ് എന്നാണ്. . (ഒരു സത്തയുടെ ഭൌതികവും പ്രാതിഭാസികവും, ധാര്‍മികവും, ജ്ഞാനീയവും ബലപരവും ആയ എല്ലാം ഊര്‍ജമാണ് ) വസ്തുവായോ അറിവായോ , കര്‍മമായോ, ബലമായോ ഒക്കെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നാം കാണുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും, അനുഭവം പോലും ഊര്‍ജമാണ് എന്ന്. അങ്ങിനെയുള്ളപ്പോള്‍ അറിയുന്ന ഒന്നിന്റെ സ്ഥിതികത്വ കാലവും ഊര്‍ജം തന്നെ എന്ന് വിശദീകരിക്കാനാണ് ഈ എളിയ ശ്രമം..
പ്രപഞ്ചം നിരന്തരം വികാസം പ്രാപിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോഘടകവും പ്രപഞ്ചത്തിന്റെ സമമിതമായ അംശം (fractal) ആണ്. അവയും പ്രപഞ്ച സ്വഭാവം സദാ പ്രദര്‍ശിപ്പിക്കും. അതെ സമയം ഘനീഭാവ സ്വഭാവവും ഓരോ സത്തയ്ക്കും ഉള്ളത് കൊണ്ട് സമാന്തരമായി ഒരു ഗുരുത്വ പാലനവും നിലനില്‍ക്കുന്നു. ഗുരുത്വ കേന്ദ്രത്തിലേക്കുള്ള അഭി കേന്ദ്ര ബലവും, എത്തി ദിശയിലേക്കുള്ള ഉത്സര്‍ജന ബലവും ഒരേസമയം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടാണ് ഇവിടെ എല്ലാ സത്തകള്‍ക്കും സ്ഥിതികത്വം ഉള്ളതും. ഗുരുത്വ സ്വഭാവം നിശ്ചലതയെ സൃഷ്ടിക്കും. വികാസ സ്വഭാവം ചലനത്തെ സൃഷ്ടിക്കും. (ഈ രണ്ടു അവസ്ഥയിലും സൃഷ്ടിക്കും എന്നതിനെക്കാളും, അതിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കും എന്നതാവും കൂടുതല്‍ ശരി.) അങ്ങിനെ പ്രേരിതമാകുന്ന ചലനത്തിന്റെ ആകാശ (Space) ഘട്ടമാണ് കാലം.
കാലത്തിന് സമാന്തര പ്രോഗ്രഷന്റെ രൂപമാണ് ഘടികാരങ്ങളില്‍ നാം ആരോപിച്ചിട്ടുള്ളതെങ്കില്‍, ഒരു ജ്യാമിതീയ പ്രോഗ്രഷനോ ഫിബോനാക്സി (Fibonacci) പ്രോഗ്രഷനോ ആയി ആണ് പൊതുവേ പ്രകൃതിയുടെ കാല രൂപം. ജൈവ ശരീരങ്ങള്‍ക്ക്, ഈ രണ്ടു കാല രൂപങ്ങളും ആയും പൊരുത്തപ്പെടാനും ആകും. ഗുരുത്വാധിക്യം ഉള്ള ചലന ഘട്ട മണ്ഡലത്തില്‍ കാലത്തിന്റെ വേഗം കുറവായിരിക്കു. വികാസ ഘട്ടത്തില്‍ കാലത്തിന്റെ വേഗം കൂടുതലും ആകും. ചലിക്കുന്ന വസ്തുവിന് കാലത്തെ പതുക്കെയാക്കാന്‍ കഴിയും. പ്രവേഗം കൂടുമ്പോള്‍ ആണ് കാലം കുറയുന്നത്. പ്രവേഗം കൂടുമ്പോള്‍ അതിന്റെ ഘടകങ്ങളുടെ ചലന വേഗം കുറയുന്നതും, രേഖീയമായ ത്വരണത്തിനായി പ്രേരിപ്പിക്കുന്ന ബലം അതിന്റെ പിന്ധതെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കാലം പതുക്കെ ആകുന്നത്.
നാം കാലത്തിന്റെ അരേഖീയ വികാസതിലൂടെ അതി വേഗം കടന്നു കൊണ്ടിരിക്കുകയാണ്. ഫിബോനാക്സി രീതിയില്‍ ഉള്ള വികാസത്തിന്റെ ഒരുഘട്ടത്തില്‍ ഈ പ്രപഞ്ച സംവിധാനത്തിലെ അനേകായിരം ആകാശങ്ങളില്‍ പലതും (ഒരു പക്ഷെ എല്ലാം) ഒരു ബിന്ദുവിലെക്കൊതുങ്ങുകയും കാലം നിശ്ചലമാകുകയും ചെയ്യാം. അതും ഒരു പക്ഷെ അധികം വൈകാതെ തന്നെ.


പാരമ്പര്യ ശാസ്ത്രം വഴി, ഊര്‍ജം ഉണ്ടാകുന്നുമില്ല നശിക്കുന്നുമില്ല. ഈതര്‍ എന്ന ശൂന്യ (പൂര്‍ണ) സ്ഥലത്ത് നിന്നും, വേണ്ടുന്ന ഒരു കാലത്ത് (ഒരു വികാസ ഘട്ടത്തില്‍) ഊര്‍ജം വേണ്ടിടത്തേക്കു പ്രത്യക്ഷമാകുന്നു. ബോധത്തിന്റെ അനാട്ടമി നോക്കി പോയാല്‍, ഇത്തരമൊരു പ്രത്യക്ഷമാകലിനു ഒരു ബോധം കാരണമാണെന്ന് പറയാമെന്നും പറഞ്ഞു പോകും. ഒളിമ്പസ് അതിനെ പെന്റാകൂ എന്ന് പറയുന്നു. അതൊരു ചൈതന്യമെന്നും പറയാം. ഇങ്ങിനെയൊക്കെ ആകുമ്പോള്‍ ബോധമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനമെന്നും പറയാം.
തുടരും..

സ്നേഹമെന്നാല്‍

സ്നേഹമെന്നാല്‍ വഴുവഴുപ്പുള്ളത് എന്ന് അര്‍ഥം.
ജീവികള്‍ സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്.
ഓരോന്നും സ്വയം നിയന്ത്രിക്കുമ്പോള്‍,
ചലനങ്ങളില്‍ തമ്മില്‍ കൂട്ടിമുട്ടല്‍ വരാം..
അത് ഒഴിവാകാനുള്ള പ്രകൃതിയുടെ ജീവല്‍ സംവിധാനമാണ് സ്നേഹം...
അത് പരിഗണനാത്മകമായ ഒരു വികാരം ആണ്...
തികച്ചും നൈസര്‍ഗികം.
പ്രണയം സ്നേഹമല്ല..
പ്രണയം, കാല്‍പനിക ആകര്‍ഷണമാണ്..
സ്നേഹം ആകര്‍ഷണം അല്ല,
പരിഗണന ആണ്,
അത് ഭൌതികമാണ്.
കാല്പനികത വികാരമല്ല,
എന്നാല്‍ കാല്പനികതയ്ക്ക് വികാരത്തെ
ഉരുവാക്കാന്‍ ആകും..
സംസ്കാരവും, അക്കാദമിയും, യുക്തിയും,
കാല്പനികതയെ കൃത്രിമമായി പരുവപ്പെടുത്തും..
പ്രണയത്തെ സ്നേഹമെന്ന വികാരവുമായി
ചേര്‍ത്ത് ഇണക്കി സ്വാര്‍ഥതയ്ക്ക് കളം ഒരുക്കുന്നത്
ഇവ മൂന്നും ആണ്..
ഇവമൂന്നും ഇല്ലെങ്കില്‍,
പ്രണയം, പ്രണയവും
സ്നേഹം സ്നേഹവും,
സ്വാര്‍ത്ഥത സ്വാര്‍ഥതയും
ആയിത്തന്നെ നിലകൊള്ളും..
ഇവ മൂന്നും, നമ്മുടെ ജീവിത വിദ്യ ആയെങ്കില്‍,
അതില്‍ നിന്നും ഇറങ്ങാനുള്ള
പ്രതി വിദ്യ ആണ് ഒളിമ്പസ്..

എന്താണ് അനുഷ്ടാനങ്ങള്‍?

പ്രകൃതിയിലെ ഓരോന്നിനും സ്ഥല കാല മാനങ്ങള്‍ക്ക് അനുസരിച്ച് ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കനുണ്ടാകും. അവയാണ് ധര്‍മങ്ങള്‍. പ്രപഞ്ചത്തിലെ സര്‍വവും അതിന്റെ അകം പുറം പരിസ്ഥിതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മങ്ങളും അങ്ങിനെ തന്നെ.. സര്‍വ ജീവജാലങ്ങള്‍ക്കും, രാപകലുകളോടും, ഋതുക്കളോടും പ്രതികരിച്ചു കൊണ്ടുള്ള ധര്‍മങ്ങള്‍ കാണും. ഭൂമിയുടെയും സൂര്യന്റെയും, ചന്ദ്രന്റെയും, ചലനങ്ങളോടും, അകം ലോകത്തെ സ്വാഭാവിക ജൈവ ഘടികാരങ്ങളോടും (യന്ത്ര ഘടികാരങ്ങള്‍ അല്ല..) പാരസ്പര്യതിലെര്‍പ്പെട്ടു കൊണ്ടാണ് ഏതൊരു ജീവിയും അതിന്റെ ധര്‍മങ്ങളെ ക്രമം തെറ്റാതെ നിര്‍വഹിക്കുക. അതുകൊണ്ട് തന്നെ, പ്രപഞ്ച ജാലത്തിന്റെ ധാരയില്‍, എന്നും അവ ബന്ധിതങ്ങളാണ്. അവയുടെ ആവശ്യങ്ങള്‍, അകം ലോകവും പുറം ലോകവും ഒരുപോലെ അറിയും. അത് നിര്‍വഹിച്ചു നല്‍കുകയും ചെയ്യും, അനായാസമായി, ശാന്തമായി, സുരക്ഷിതമായി, സുഖമായി......
പ്രപഞ്ച വികാസത്തിന്റെ ഭാഗമായി മനുഷ്യന്‍ അവന്റെ ജീവല്‍ വികാസം നേടുകയും, പുതു വിവരങ്ങളുടെ വന്‍ സങ്കീര്‍ണ പാതകള്‍ അതിവേഗം വെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍, അവയെ അളക്കാന്‍ ഘടികാരങ്ങളും, പഞ്ചാംഗവും വേണ്ടിവന്നു. അവന്റെ ധര്‍മങ്ങളെ അളക്കാന്‍ അനുഷ്ടാനങ്ങള്‍ വേണ്ടി വന്നു. അനുഷ്ടാനങ്ങള്‍ പതിയെ ഘടികാര നിബദ്ധിതങ്ങള്‍ ആയി. അനുഷ്ടാനങ്ങള്‍ ആചാരങ്ങള്‍ ആയി.. പ്രകൃതിയുമായി നമുക്കുള്ള ലീന ബന്ധിതങ്ങളായ (embodied relation) സംസ്കാരത്തെ നാം മറന്നു തുടങ്ങി. ആഢംബര സത്കാരങ്ങള്‍ എന്നത് ചടങ്ങായി. ചടങ്ങ് മാത്രമായി. നാം പ്രകൃതിയുമായി ബന്ധപ്പെട്ടിരുന്ന നാട്ടറിവുകളെ, സാങ്കേതിക വിവര ശേഖരം കൈയടക്കി. മാനവരാശിയും, അവരാല്‍ നേര്‍ നിയന്ത്രിതമായ ജീവരാശിയും, പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായിരുന്നെന്ന് പോലും മറന്ന നിലം തൊടാ പച്ചകള്‍ ആയി മാറി.

സ്വേച്ഛയും പരേച്ഛയും

പ്രകൃതിയിലെ സര്‍വ ജീവജാലങ്ങള്‍ക്കും ഉള്ളില്‍,
അതിന്റെ ഭാവി ലോകത്തെ കുറിച്ചുള്ള ഒരു
ഭാവനാ ചിത്രമുണ്ട്..
അതിനനുസൃതം ആയിരിക്കും,
അതിന്റെ മുന്നിലെ ലോകം
അതിനു മുന്നില്‍ പ്രത്യക്ഷമാകുക..
നമുക്ക് ചുറ്റുമുള്ള സര്‍വ ജൈവ അജൈവ ജാലങ്ങള്‍ക്കും
ഇത്തരമൊരു ഭാവിരേഖ (ഹസ്തരേഖയല്ല) ഉണ്ടായിരിക്കും.
(ജിനോം മാപ്പിങ്ങില്‍ നാം കണ്ടെത്തുന്നതും മറ്റൊന്നല്ല..)
അതിനനുസൃതമായി മാത്രമേ അതൊരു ജീവിയെങ്കില്‍,
അത് ചിന്തിക്കുകയുള്ളൂ, ഭാവന ചെയ്യുകയുള്ളൂ,,
അതിന്റെ ഉദ്ദേശ്യ ഭാവന (Intention) ഉണ്ടാകുകയുള്ളൂ..
അങ്ങിനെ ഒരു ജീവിയിലുണ്ടാകുന്ന
സ്വന്തം ഉദ്ദേശ്യ ഭാവനയെ സ്വേച്ഛ (Self Intention) എന്ന് വിളിക്കാം.
ഓരോ വസ്തുവിനും, തന്റെ ജീവിതത്തെക്കുറിച്ച് മാത്രമല്ലാതെ
പ്രപഞ്ചത്തിലെ ഇതര വസ്തുക്കളെ ക്കുറിച്ചും,
ഒരു ഉദ്ദേശ്യ ഭാവനാ ചിത്രമുണ്ടായിരിക്കും..
അങ്ങിനെ ഇവിടുള്ള എല്ലാ സത്തകള്‍ക്കും ഉള്ള
ഭാവനാ ചിത്രങ്ങളുടെ (ഇച്ഛയുടെ) ആകെ തുകയാകും
ഒരു വസ്തുവിന്റെ / ജീവിയുടെ ഭാവി..
ഇങ്ങനെ അപരന്റെ ഭാവനാ ചിത്രത്തില്‍
തനിക്കുണ്ടാകുന്ന ഉദ്ദേശ്യ ഭാവനയാണ് പരേച്ഛ (Alien Intention).
പ്രപഞ്ച വികാസത്തില്‍ (കാലത്തില്‍) ഇതിനെയാണ്
നിയതി / വിധി (Destiny) എന്ന് വിളിക്കുന്നത്‌.
പരേച്ഛയാണ് ലോകത്തിന്റെ വിധി നിര്‍ണയിക്കുന്നത്..
പക്ഷെ സ്വേച്ഛ മതിയാം വണ്ണം ഉണ്ടായാല്‍,
അതിനു പരേച്ഛകളെ മറികടക്കാനാകും.

സുതാര്യത (കണ്ണാടിത്തം)

കണ്ണാടിത്തം എന്നത് തമ്മില്‍ തമ്മിലുള്ള തുറവി ആണ്. അങ്ങോട്ടും
ഇങ്ങോട്ടും എല്ലാം വിനിമയം ഉള്ളതാണ് സുതാര്യമായി അനുഭവപ്പെടുന്നത്.
എല്ലാം പരസ്പരം വിനിമയം ചെയ്യാന്‍ പാകത്തിലാണ്
സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാം സുതാര്യമാകുമ്പോഴെ ജീവിതം
സുഗമമാകൂ..
ശരീരത്തെ വസ്ത്രത്താല്‍ മറച്ചു വച്ചിട്ടുള്ള നാം, മനസ്സിനെയും അങ്ങിനെ
തന്നെ സൂക്ഷിക്കുന്നു. ലോകം സങ്കീര്‍ണമാണെന്നും, അതിനിടെ നമ്മുടെ
മനസ്സിന്റെ തുറവി നമുക്ക് പ്രശ്നങ്ങള്‍ നല്‍കുമെന്നുമാണ് പൊതുവില്‍ നാം
ചിന്തിക്കുന്നതും. വ്യാവഹാരിക ജീവിതം പലപ്പോഴും കണ്ണാടിത്തം
ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. അത് കൊണ്ട് നാം
ബുദ്ധിപൂര്‍വമായി നേര്‍ക്കഴ്ച്ചകളെ മറച്ചു വയ്ക്കുന്നു. മറച്ചു മറച്ചു,
നമുക്ക് മുന്നിലും പിന്നിലും നേരില്‍ വരുന്നതെല്ലാം, നമുക്ക്
മറഞ്ഞതാകുന്നു. കള്ളം പറയാനും, ഒളിച്ചു വയ്ക്കാനും നമുക്ക്
മടിയില്ലാതെയാകുന്നു.
പ്രകൃതി കണ്ണാടിത്തം ഇഷ്ടപ്പെടുന്നു. നമുക്ക് അന്നവും ജ്ഞാനവും
നല്‍കുമ്പോള്‍, പ്രകൃതി അത് നമ്മോടു പറയുന്നു. നമുക്ക് അന്നവും ജ്ഞാനവും
കിട്ടാതാകുമ്പോഴും പ്രകൃതി നമ്മോടു അത് തന്നെ ആവശ്യപ്പെടുന്നു.
അവയവങ്ങല്‍ക്കിടെയുള്ള സുതാര്യത നഷ്ടമാകുമ്പോള്‍ സുഖം നഷ്ടമാകുന്നത്
പോലെ, പ്രകൃതിയുമായുള്ള സുതാര്യത നഷ്ടമാകുമ്പോള്‍ ജീവിത സുഖവും കുറയും.
പ്രകൃതിയെന്നാല്‍, മുന്നില്‍ കാണുന്ന ഞാനും നിങ്ങളും ഈ വായിക്കുന്നതും
ഒക്കെ തന്നെ. മനസ്സിന്റെ തുറവി ഉണ്ടെങ്കിലെ നാം ആഗ്രഹിക്കുന്നത്
നമുക്ക് നല്‍കുവാന്‍ പ്രകൃതിക്ക് കഴിയുകയുള്ളൂ.. അഥവാ മനസ്സിന്റെ
തുറവിയുണ്ടെങ്കില്‍ നാം ആഗ്രഹിക്കുന്ന നന്മകള്‍, നമുക്ക് മുന്നില്‍
പ്രകൃതി ഒരുക്കും. ബുദ്ധിയാല്‍ എല്ലാം അളക്കുന്നതിന് പകരം, ഈ
കണ്ണാടിത്തത്തിലൂടെ നമുക്കിനി എല്ലാം ഒന്ന് കണ്ടു നോക്കാം.
മനസ്സ് തുറക്കുക, കണ്ണാടിയാകുക, പ്രകൃതിയാകുക.

നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം

നമുക്ക് സര്‍വവും തന്നത് പ്രകൃതിയാണ്.
മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും പ്രകൃതി തന്നെ.
വേണ്ടതെല്ലാം നല്‍കുന്നതും, നല്‍കേണ്ടതും പ്രകൃതി തന്നെ.
ആവശ്യങ്ങള്‍ അറിഞ്ഞു നല്കാന്‍ കെല്‍പ്പുള്ളതാണ് പ്രകൃതി..
പ്രകൃതിയോടു വേണ്ടവിധം അര്‍ത്ഥന ചെയ്‌താല്‍,
പ്രകൃതി അത് കേട്ടിരിക്കും..
അതിനെ ദൈവീകമെന്നു വിശ്വാസികള്‍ക്ക് പറയാം.
അത്ഭുതകരമെന്നോ, വിശിഷ്ടമെന്നോ കാവ്യഭാഷയില്‍ പറയാം.
വ്യവസ്ഥാ നിയമം ഇങ്ങനെ ആണെന്ന്
പ്രപഞ്ച ശാസ്ത്രം ഉപയോഗിച്ചും പറയാം.
മനുഷ്യരല്ലാത്ത ജീവികള്‍ക്ക്,
ഇതിന്മേല്‍ വിശ്വാസങ്ങളോ സംശയങ്ങളോ ഇല്ല.
പ്രപഞ്ച വികാസത്തിന്റെ നാള്‍ വഴിയിലെ പൊളിച്ചടുക്കലുകളിലൊഴികെ
അവര്‍ക്ക് ഇല്ലായ്മയും ദാരിദ്ര്യവും ഇല്ല താനും.
അവരുടെ ആവശ്യങ്ങള്‍ പരിമിതമാണ്.
അഥവാ അതൊരല്‍പ്പം കൂടുതലാണെങ്കില്‍ കൂടി
അവര്‍ ആഗ്രഹിക്കന്നത് പ്രകൃതി കൊടുത്തിരിക്കും.
അതാണിവിടുത്തെ സംവിധാനം.
അവര്‍ക്ക് വേണ്ടത് ഇവിടെ ഉണ്ടെന്ന മനോ ചിത്രം,
അവരുടെ ഉള്ളില്‍ ജന്മനാ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് മാറ്റിയെഴുതാന്‍ പാകത്തിലുള്ള വിശേഷ യുക്തി
അവരെ, മനുഷ്യ സാമീപ്യത്തിലല്ലാതെ ബാധിക്കയും ഇല്ല.
മനുഷ്യര്‍ക്ക്‌,
പ്രകൃതിയെക്കള്‍, മനുഷ്യ നിര്‍മിത പരിമിത സങ്കേതങ്ങളെ ആണ് വിശ്വാസം.
അവന്‍ കണ്ടെത്തുന്ന സങ്കീര്‍ണതകളും, സങ്കേതങ്ങളും,
പ്രകൃതിയിലൊതുങ്ങുന്നത് മാത്രമാണെന്ന്
ചിന്തിക്കാന്‍ പോലും കഴിയാത്ത വണ്ണം
യുക്ത്യാന്ധത അവനെ ഭരിക്കുന്നു.
സ്വയം സൃഷ്ടിച്ചുണ്ടാക്കിയ സങ്കേതങ്ങളിലൂടെ മാത്രമേ
തന്റെ ജീവാവശ്യങ്ങള്‍ ലഭ്യമാകൂ എന്നും,
പ്രകൃതി, നമ്മെ അറിയാത്ത ഒരു മൃതമായ സ്രോതസ്സാണെന്ന്
വരെ അവന്‍ ചിന്തിച്ചുവശായി ക്കഴിഞ്ഞു.
അത് കൊണ്ട് തന്നെ പട്ടിണിയും, പരിവട്ടവും കഷ്ടപ്പാടും നിറഞ്ഞ
ഒരു ആത്മ ചിത്രത്തിന്റെ ബൌദ്ധിക സ്വത്തവകാശം
മനുഷ്യന്‍ തീറെടുത്തിരിക്കുന്നു..
എന്താണിതിനൊരു പരിഹാരം..
പ്രകൃതി നാമാണെന്നും, നമ്മുടെ മനോചിത്രാനുസരണം മാത്രമേ
നാളെകളെ നമുക്ക് മുന്നില്‍ പ്രകൃതി വരചിടുകയുള്ളൂ എന്നും അറിയണം.
കടന്നു വന്ന വഴികളിലെ പാളിച്ചകളില്‍ പശ്ചാതപിക്കണം.
നല്ലതായും ചീത്തയായും നാം പരിഗണിക്കുന്ന സര്‍വവും
പ്രകൃതി തന്നെയാണെന്ന് നാം ബോദ്ധ്യപ്പെടണം.
അത് കൊണ്ട് തന്നെ, ഒന്നിനെയും പഴിക്കാതെ,
സര്‍വതിനോടും കൃതജ്ഞാരാകണം.
നല്ലൊരു നാളെയെ പറ്റിയുള്ള വിഭാവനവും,
പ്രത്യാശയും, ഉള്ളില്‍ പിറക്കണം, വളരണം,
പ്രകൃതിയുടെ പ്രക്ഷുബ്ധത കൂട്ടുന്ന പ്രതിരോധ പ്രവര്‍ത്തനമല്ല,
പ്രകൃതിയില്‍ നാളെയുടെ പുതു നാമ്പുകളെ ഭാവന ചെയ്തുണ്ടാകുന്ന
സൃഷ്ട്യാത്മക പ്രവര്‍ത്തികളാണ് വേണ്ടതെന്നു നാം അറിയണം..

സമഗ്ര വീക്ഷണം / ബാന്ധവം

പ്രപഞ്ചം ചലനാത്മകമാണ്. സ്ഥിത സ്വഭാവം അല്ലാതെ മറ്റൊന്നും സ്ഥിതമല്ല. ഒപ്പം പ്രപഞ്ചം ഒരു നിരന്തര വികാസത്തിലാണ്. വികാസം സംഭവിക്കുക ഒരു വ്യവസ്ഥയുടെ ജീവച്ചക്രത്തിന്റെ ചാക്രിക സ്വഭാവം സുഗമാവസ്ഥയില്‍ എത്തുമ്പോഴാണ്. ഇത്തരമൊരു സുഗമാവസ്ഥയില്‍ ഭ്രമണ വേഗം കൂടും. അഭികേന്ദ്ര ബലം (ഗുരുത്വം) കുറവുള്ള വ്യവസ്ഥാ ഘടകങ്ങള്‍ ഭ്രമണ ചക്രത്തിന്റെ പരിധിക്കപ്പുരതെക്ക് കടക്കാനുള്ള രക്ഷാ പ്രവേഗം കൈവരിക്കും. അവ ഭ്രമണ വൃത്തത്തിന്റെ സംപാത രേഖയിലൂടെ വ്യവസ്ഥയുടെ നിയമങ്ങള്‍ മറി കടന്നു, വ്യവസ്ഥ ഘടകമായിരിക്കുന്ന ഗുരു വ്യവസ്ഥയിലേക്കു കടന്നു ചെല്ലും. അവിടെ ചെന്നെത്തുന്ന നവാഗതന്, സ്വതന്ത്ര അസ്തിത്വം ഉണ്ടെങ്കില്‍ ഗുരു വ്യവസ്ഥയില്‍ കഴിയാനാകും. ഇല്ലെങ്കില്‍ മറ്റൊരു വ്യവസ്ഥയുടെ ഭാഗമാകെണ്ടിവരും..
അഭികേന്ദ്ര ബലത്തിന് (ഗുരുത്വത്തിന്) കാരണമാകുന്നത് , ഒരു ഘടകത്തിന് ഇതര ഘടകങ്ങലോടുള്ള ബന്ധിതാവസ്ഥകളുടെ /പാരസ്പര്യങ്ങളുടെ തോതനുസ്സരിച്ചാണ്. ഒരു സമഗ്ര ബാന്ധവം ഉള്ള ഘടകത്തിന്‍ മേല്‍ വ്യവസ്ഥാ ചാക്രികതയുടെ കേന്ദ്ര നിശ്ചലതയ്ക്കുള്ള ഗുരുത്വാകര്‍ഷണം കൂടും. സമാനമോ സമമിതമോ ആയ ഇതര വ്യവസ്ഥകളും ആയി അനുരൂപപ്പെട്ടു നില്‍ക്കുക കൊണ്ട് തന്നെ, ആ ഘടകത്തിനും വ്യവസ്ഥയ്ക്കും ഉള്ള സുസ്ഥിരതയ്ക്കും ഭീഷണി കാണുകയില്ല. സമഗ്ര ബാന്ധവം ഇല്ലാതാകുന്ന ഘടകങ്ങള്‍ സ്വയം വ്യവസ്ഥയ്ക്ക് വെളിയിലേക്ക് പോകുകയും അത്ടരം കൊഴിഞ്ഞു പോക്ക് കൂടുമ്പോള്‍ വ്യവസ്ഥയുടെ തന്നെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
ഈ കഥകള്‍ പറയുമ്പോള്‍, നമ്മുടെ സാമൂഹ്യ വ്യവസ്ഥയെ മാത്രമേ ചിന്തിക്കുന്നുള്ളുവെങ്കില്‍, ജാതി മത രാഷ്ട്രീയ ഭക്തി യുക്തി വാദങ്ങളില്‍ നമുക്ക് പരസ്പര ബന്ധമില്ലാതെ ഇരിക്കാം. നിത്യേന നൂറ്റി നാല്പത്തി നാല് ജീവിവര്‍ഗങ്ങള്‍ ഭൂമുഖത് നിന്നും അപ്രത്യക്ഷമാകുന്ന ഒരു കാല "ഖണ്ധതിലും" നമുക്ക് വിഭാഗീയ ചിന്തയാണ് നന്മയെന്നു തോന്നിയാല്‍, മരിക്കാനോരുങ്ങുക, നമ്മുടെ തലമുറകളോടെ ..
വിഭാഗീയ വീക്ഷണത്തിന് പകരം സമഗ്ര വീക്ഷണം ഉണ്ടെങ്കില്‍, ഇതേ പ്രപഞ്ച നിയമങ്ങള്‍ ഉപയോഗിച്ച് നമുക്ക് നിലനില്‍ക്കാനാകും. ഇല്ലെങ്കില്‍ ...

പ്രതിഭാസം.

ഈ പ്രപഞ്ചം തികച്ചും ഭൌതികമല്ല, മറിച്ചു പ്രാതിഭാസികമാണ്. (ഇതര മാനങ്ങള്‍ തത്കാലം ഇവിടെ പ്രതിപാദിക്കുന്നില്ല. കൂടുതലറിയാന്‍ പ്രപഞ്ച പഞ്ചകം കാണുക) പ്രതിഭാസം എന്ന പദം, ഓരോ ഭാഷാ രീതികളും വൈജ്ഞാനീയ രീതികളും, വ്യത്യസ്തതയോടെ ആണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതിനാല്‍ ഒളിമ്പസ് പ്രതിഭാസത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്ന് പറയാം. (ഒളിമ്പസ് പഠനങ്ങളില്‍ ഈയൌരു അര്‍ത്ഥ വ്യാഖ്യാനത്തോടു കൂടി വേണം ഈ പദത്തെ ഉപയോഗിക്കാന്‍.). ഇത് വഴിയാണ് ചിതറിക്കിടക്കുന്ന ശാസ്ത്ര സങ്കല്പത്തെ ഒളിമ്പസ് വ്യാഖ്യാനിക്കുന്നത്. ഒളിമ്പസ്സിന്റെ പഠിതാക്കള്‍ക്ക് ക്രോഡീകരിച്ചു നല്‍കുന്നത്.
പ്രതിഭാസം (Phenomena) എന്നാല്‍ ഓരോന്നിലും ദൃശ്യമായിട്ടുള്ളത് എന്ന് ഭാഷാര്‍ത്ഥം. ഒരു സത്തയില്‍ ലീനമായ സ്വഭാവ വിശേഷങ്ങള്‍ ആണ് അവയില്‍ ദൃശ്യമാകുക. ദൃഷ്ടി ഉള്ളവര്‍ക്ക് ആണ് അത് ഗ്രഹിക്കുവാനാകുക. ദൃഷ്ടിയില്ലെങ്കില്‍ (നിരീക്ഷിക്കുന്ന ഒരു സത്തയ്ക്ക് ദൃഷ്ടി ശേഷിയില്ലെങ്കില്‍, അഥവാ ദൃഷ്ടിയുടെ മണ്ഡലത്തിലേക്ക് ദൃശ്യം കടന്നു വന്നില്ലെങ്കില്‍) ദൃശ്യം ഇല്ലാതാകുന്നു എന്ന് അര്‍ത്ഥമില്ല. ഒന്നില്‍ നമുക്ക് നിരീക്ഷിക്കാനാവുന്നത്, നമുക്ക് നിരീക്ഷിക്കാനാവുന്ന ഒന്നിനെയാണ്. അത് കൊണ്ട് തന്നെ നമുക്ക് നിരീക്ഷിക്കാന്‍ കഴിയാത്ത, എന്നാല്‍ ആ സത്തയില്‍ ലീനമായവയും പ്രതിഭാസങ്ങള്‍ തന്നെ. അവയുടെ സാന്നിദ്ധ്യത്തെ അറിയാന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് കഴിഞ്ഞില്ലെങ്കിലും ഒരു പക്ഷെ ഉപകരണങ്ങള്‍ / സങ്കേതങ്ങള്‍ കൊണ്ട് കഴിഞ്ഞേക്കാം. ഒരുപക്ഷെ ഉപകരണങ്ങള്‍ കൊണ്ട് പോലും കഴിയാതെ വന്നേക്കാം. എങ്കിലും അവ ഇല്ല എന്നല്ല അര്‍ഥം. അത്തരം പ്രതിഭാസങ്ങളെ നാം അനുമാനിക്കുന്നത്, തത്വ വിചാരത്തിലൂടെയാകാം. ഒരു പക്ഷെ അത്തരമൊരു തത്വ വിചാരം കൊണ്ടുപോലും തിരിച്ചറിയാന്‍ കഴിയാതെയും വന്നേക്കാം.. അത്തരം ദൃശ്യമാകാത്ത പ്രതിഭാസത്തെ ഗാഢ പ്രതിഭാസം എന്നോ ഗൂഢ പ്രതിഭാസം (Noumenon) എന്നോ വിളിക്കാം.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും പ്രതിഭാസങ്ങള്‍ ഉണ്ടായിരിക്കും. സാങ്കേതികമായി നമുക്കവയുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ കഴിയുമ്പോള്‍ അത് ശാസ്ത്രീയം എന്ന് കരുതുകയും ധരിക്കുകയും പറയുകയും ചെയ്യുന്നു. ഒരു സത്തയ്ക്കുള്ള പ്രകടമായ പ്രതിഭാസം തന്നെ ഒരു വസ്തുതയാണല്ലോ? ആ വസ്തുതയുടെ പ്രതിഭാസം എന്ന് പറയുമ്പോള്‍ അത് രണ്ടാം മാനമായി. രണ്ടാം മാനത്തെ തത്വ വിചാരം കൊണ്ടും, സൂക്ഷ്മേന്ദ്രിയ ജ്ഞാനം കൊണ്ടും ആണ് മനസ്സിലാക്കാനാകുക . (ഇന്ദ്രിയ ജ്ഞാനത്തിന്റെ രണ്ടാം / ബഹു മാനമാണ് സൂക്ഷ്മേന്ദ്രിയ ജ്ഞാനം. അതായത് പ്രതിഭാസത്തിന്റെ ഗുണപരമായ തരം [qualia] ആണത്.) ഇവയെ ഏക മാന ദൃഷ്ടാന്തങ്ങളാല്‍ വേര്‍തിരിച്ചറിയുക സുസാധ്യമല്ല.
സാങ്കേതിക ശാസ്ത്രം (വ്യവസ്ഥാപിത ശാസ്ത്രം) ഇവിടെ പരിമിതപ്പെടുന്നു. അപ്പോള്‍ ഗണിത ശാസ്ത്രം, പ്രതിഭാസങ്ങളുടെ എകമാന ദ്രഷ്ടാന്തങ്ങളെ ഉപജീവിച്ചു കൊണ്ട് തത്വനിര്‍ധാരണം നടത്തുന്നു. അതുവഴി, ഇന്ദ്രിയ ജ്ഞാനത്തിന്റെ രണ്ടാം മാനത്തെ ചിത്രീകരിക്കുന്നു. ഇതാണ് യൌക്തികശാസ്ത്രം.പലപ്പോഴും, സാങ്കേതിക ശാസ്ത്രത്തിന്റെ പുതു കണ്ടെത്തലുകള്‍ക്ക് വഴിയാകുന്നത് യൌക്തിക ശാസ്ത്രമാണ്. ഏക മാന നിര്‍ധാരണത്തിന്റെ പരിമിതികളില്‍ ഒതുങ്ങാത്തത് കൊണ്ട് തന്നെ, സാങ്കേതിക ശാസ്ത്രത്തിന്റെ വക്താക്കളായ മുഖ്യ ധാരാ പ്രായോജകര്‍ക്ക്, ഇത്, അത്തരുണത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ അതുകൊണ്ട് യൌക്തിക ശാസ്ത്രത്തെ കപട ശാസ്ത്രം (psudo science ) എന്നും പറയുന്നു. [നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തവയെല്ലാം അസത്യമോ കപടമോ ആണെന്ന് മുഖ്യധാര കരുതുന്നു. യൌക്തികശാസ്ത്രം അഥവാ ബദല്‍ ശാസ്ത്രങ്ങളില്‍ നീതി യുക്തമാകുന്ന വ്യാഖ്യാനങ്ങളാണ്, ശാസ്ത്ര കണ്ടെത്തലുകള്‍ക്ക് മുന്‍പേ നടക്കുക.]
സാങ്കേതികമായോ യൌക്തികമായോ പോലും വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തതും, എന്നാല്‍ പ്രാകൃതീയമായി അനുഭവവേദ്യമാകുന്നതിലൂടെ ബോദ്ധ്യപ്പെടുന്ന (ബുദ്ധിപ്പെടുന്ന എന്നല്ല) തുമായ പ്രതിഭാസങ്ങളെ പറ്റിയുള്ള താത്വിക വിചാരമാണ് ആര്‍ജിത ശാസ്ത്രം. ഇന്ദ്രിയജ്ഞാനതിന്റെ മൂന്നാം തല മാനവും, തത്വ വിചാരവും ആണിവിടെ വിഷയമാകുക. ഇവയില്‍ ഒന്നും പെടുത്തി അനുഭവിക്കാന്‍ കഴിയാത്തതും, എന്നാല്‍ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കുന്നതുമായ, അനുഭവ ഗോചരമേ അല്ലാത്തതുമായ പ്രപഞ്ച നിയമങ്ങളുടെയും പ്രതിഭാസങ്ങളുടെയും ഒരു തലമാണ് പ്രാപഞ്ചിക ശാസ്ത്രം. മനുഷ്യനതറിയില്ല. പല വ്യാഖാനങ്ങള്‍ ഉണ്ടതിന്. പലരും പലതും പറയുന്നു. അതറിയാനും കഴിയില്ല..
[ഇവയെല്ലാം പ്രതിഭാസങ്ങള്‍ ആണ്. പ്രതിഭാസത്തിന്റെ ജ്ഞാന മാന തലതിനനുസരിച്ചു, വ്യാഖ്യാനിക്കുന്ന സത്യപരിശ്ചെതമാണ്, ശാസ്ത്രം. അതില്‍ പ്രചുരമായതും, ഗൂഢമായതും നമുക്കിടെ ഉണ്ട്. പ്രചാരം ലഭിക്കുന്നതിനു കാരണം, കമ്പോളവും, ഭരണ കൂടവും അക്കാദമിയും ആണ്. ഗൂഢമായ നിച ശാസ്ത്രത്തെ മുഖ്യധാര അനുവദിച്ചു തരില്ല.]

ഗുരുകുലം

പണ്ട് ഗോത്രങ്ങള്‍, ജീവിത ജ്ഞാനത്തിന്റെ ഉറവിടങ്ങള്‍ ആയിരുന്നു. പരിഷ്കാരം നമ്മെ വഴി തിരിക്കുന്നത് വരെ, കൂടുകുടുംബങ്ങള്‍ പോലും ജ്ഞാന മണ്ഡലങ്ങള്‍ (Cognitive Field) ആയിരുന്നു. സഹജ ജീവനത്തെ സംസ്കാരം കൈയ്യേറാന്‍ തുടങ്ങിയപ്പോള്‍ ശുദ്ധ ജ്ഞാനത്തിനു ഗുരുകുലങ്ങള്‍ വേണ്ടി വന്നു. അധിനിവേശവും സാങ്കേതിക നവോദ്ധാനവും സംസ്കാരത്തെ പരിഷ്കാരമാക്കിയപ്പോള്‍ ഗുരുകുലങ്ങള്‍സ്ഥാപനങ്ങളായി: സ്കൂളുകള്‍ ഉണ്ടായി. സ്കൂളുകളില്‍ ജ്ഞാനം വിവരങ്ങള്‍ക്ക് വഴി മാറി. ബോധം ബുദ്ധിക്കു വഴി മാറി. പരിണാമം പരിഷ്കാരത്തിനു വഴി മാറി. വിവരമാണ് ജ്ഞാനമെന്നും, ബുദ്ധിയാണ് ബോധമെന്നും, പരിഷ്കാരമാണ് പരിണാമമെന്നും സങ്കേതമാണ് ശാസ്ത്രമെന്നും ജന സാമാന്യമിന്നു വിശ്വസിക്കുന്നു.
നൈസര്‍ഗികത എന്ന ഒന്നുണ്ടെന്നറിഞ്ഞ ചിലര്‍ ഈ വിശ്വാസ മണ്ഡലങ്ങളില്‍ നിന്നും വഴി മാറി, ധാരണാവബോധത്തിലേക്കും , സഹജാവബോധത്തിലേക്കും പരമാവബോധത്തിലേക്കും, യഥാശക്തി, ക്രമമായി ചെന്നെത്തി. അവര്‍ പറഞ്ഞതും എഴുതിയതും കേട്ടറിഞ്ഞ മറ്റു ചിലര്‍ മുഖ്യധാര വിട്ടു ബദലുകളിലേക്ക് കുടിയേറി. ആ ത്രിശങ്കുവില്‍ നിന്ന് ചിലരെങ്കിലും ജ്ഞാനത്തെ ബോധം കൊണ്ട് അന്വേഷിക്കുന്നുണ്ട്.
നിരന്തരമായി ഗുരുത്വ ബലം പ്രേരിതമാകുമ്പോഴെ യൌക്തികമായ മനോ കായ കര്‍മങ്ങള്‍, ജ്ഞാന പ്രാപ്തിക്കായി പുനര്‍പക്വപ്പെടുകയുള്ളൂ. വ്യവസ്ഥാപിത സ്കൂളുകളിലുള്ള പോലെ, വന്നു - കണ്ടു - കേട്ട് പോകല്‍, ജ്ഞാനത്തിലേക്കുള്ള ഗുരുത്വ ബലം കുറക്കുകയും ഇതര ബലങ്ങളുടെ സ്വാധീനം കൂട്ടുകയും ചെയ്യും. ബദലുകളില്‍ നിന്ന് ജ്ഞാനത്തെ ബോധം കൊണ്ടന്വേഷിച്ചു കൊണ്ട് ഗുരുത്വ മണ്ഡലത്തില്‍ മനോ കായ ജീവനങ്ങളാല്‍ ഗുരുവിന്റെ അംഗമാകാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഉള്ളതാണ് ഈ ഗുരുകുലം.
ഇവിടെ ഗുരുത്വം സ്ഥിത രൂപിയല്ല
പരിണാമ പരമ്പരയിലെ കണ്ണിയാണ്.

യുക്തനായ ഗുരുവിനെ തിരിച്ചറിയാന്‍...

പ്രപഞ്ചത്തിലെ ഓരോ സത്തയ്ക്കും, നിയത ധര്‍മങ്ങള്‍ ഉണ്ട്. അതിനനുസൃതം ആണ് അതിന്റെ ഗതിയും. ഒരുവന്റെ സ്വധര്‍മത്തിനൊത്ത ഒരു ഗുരുവിലേക്ക്, ഒരുവന്‍ ഒഴുകി എത്തുകയാണ് ഉണ്ടാകുക. അവന്റെ തേടല്‍ ഒരു ഉപകരണം മാത്രം.

നാം അന്വേഷിക്കുന്നത്, നമുക്ക് മുന്നിലെത്തും.. അന്വേഷണം. കോശങ്ങളില്‍ നിന്നും തുടങ്ങി പുറത്തേക്കു ഒഴുകുന്നതാകണം. വിശപ്പ്‌ പോലെ, കാമം പോലെ, കോശങ്ങള്‍ കലകളോടും, കലകള്‍ അവയവങ്ങളോടും, അവയവങ്ങള്‍, ശരീരത്തോടും ചോദിക്കുമ്പോള്‍, ശരീരത്തിന് മുന്നില്‍, അത് പ്രത്യക്ഷമാകും. പരമാവബോധതെ പുണരാന്‍ ഉള്ള ഒരുവന്റെ തൃഷ്ണ, മൌലികമാണ്‌. അതിനോട് പ്രകൃതി പ്രതികരിച്ചേ മതിയാകൂ.. പ്രതികരിക്കുക തന്നെ ചെയ്യും. പ്രപഞ്ച താളവുമായി ഏക താനമാകാന്‍ കെല്‍പ്പുള്ള ഒരുവന് മുന്നില്‍, വെളിപാടുകളും ദൃഷ്ടാന്തവുമായി ജ്ഞാനം പ്രത്യക്ഷമാകും. അവന്‍ അന്വേഷി ആകുമ്പോള്‍... കെല്പ്പില്ലാത്തവന്‍, അന്വേഷി ആകുമ്പോള്‍, ഗുരു രൂപേണ ജ്ഞാന മാര്‍ഗം പ്രത്യക്ഷമാകും. വിചിത്രമെങ്കിലും, അത് വന്നു ചേരാന്‍ ഒരു വഴി പ്രകൃതി ഒരുക്കും.. ഇത് ദിവ്യാല്ഭുതമല്ല, ഗുരുത്വം പോലെ, പ്രണയം പോലെ, ഒരു പ്രപഞ്ച നിയമം. ആരും, മുന്‍വിധിയില്ലാതെ കണ്ണ് തുറന്നു വച്ചാല്‍ കാണാവുന്നത്‌.

യുക്തനായ ഗുരുവിനെ തിരിച്ചറിയാന്‍...

അയാളുടെ കയ്യിലുള്ള ദര്‍ശനം, എങ്ങും ചേരാവുന്നതും ചേര്‍ക്കാവുന്നതും ആയിരിക്കും. (ഒരു യൂനിവെഴ്സലി കൊമ്പാട്ടെബില്‍ ആയ ഒന്ന്) . അയാളിലെ ജ്ഞാനം, വായിച്ചും, ചിന്തിച്ചും ഉണ്ടാക്കിയതാവില്ല. അതൊഴുകി വരുന്നതാവും. അയാള്‍ സ്വന്യൂനതകളെ തുറന്നിടുന്നതാകും. അയാളോട് പ്രപഞ്ചം, സംവദിക്കുന്നത് ദൃഷ്ടാന്തമായി, നിരീക്ഷകന് കാണാനാകും (നിരീക്ഷകന്‍ സംശയാലു അല്ലെങ്കില്‍).. അയാള്‍ പറയുന്നതെല്ലാം, പരസ്പര പൂരിതമായിരിക്കും, സമഗ്രമായിരിക്കും .. അത് നിരീക്ഷകന് അനുഭവവേദ്യമായിരിക്കും. അയാള്‍ നിരീക്ഷകനില്‍ അടിചെല്‍പ്പിക്കപെട്ടതാകില്ല. അയാളുടെ സാമീപ്യം ശിഷ്യര്‍ക്ക്, അനുഭൂതി ആയിരിക്കും.

ഗുരു

ഗുരുവെന്നാല്‍ ജ്ഞാന മാര്‍ഗം. ജ്ഞാനം എന്നത് സ്ഥിതി വിവര ശേഖരമല്ല. സ്ഥിതി വിവര സംഭരണത്തിന് ഗ്രാഹ്യ ശേഷിയും സംഭരണ യുക്തിയും ഓര്‍മയും അത് പകരാന്‍ സംവേദന ശേഷിയുള്ള ഒരു യന്ത്രവും മതിയാകും. എന്നാല്‍, പരമമായ ജ്ഞാനമെന്നത്, പരമാവബോധമാണ്; സഹജ ജ്ഞാനം സഹാജാവബോധവും. സഹജാവ ബോധത്തെ നഷ്ടമാകുന്നത്, നാം ഏറെ യൌക്തികമാകുമ്പോഴോ ആര്‍ജിച്ച യുക്തി ശീലങ്ങള്‍ താളമാകുമ്പോഴോ ആണ്. നവ സംസ്കൃതിയുടെ, തലമുറകള്‍ പോലും നീളുന്ന സ്വാധീനം, നമ്മിലെ പരമ അവബോധത്തില്‍ നിന്നും സഹജ അവബോധത്തെയും, സഹജ അവബോധത്തില്‍ നിന്നും ധാരണാ ബോധത്തെയും വിച്ഛേദിക്കുന്നു. ഈ വിച്ഛേദിത ബന്ധം പുന:സ്ഥാപിക്കുവാന്‍ താള യുക്തി അനുപാദം സമമാകുന്നവര്‍ക്കെ (അനുകൂലമായ കാരണ പൂര്‍വക വിഭ്രംഷത്തില്‍ പോലും) കഴിയൂ. അല്ലാത്തപ്പോള്‍ യുക്തനായ ഗുരുവിനു, നമ്മില്‍ നിന്നും ശുദ്ധ ജ്ഞാനത്തിലേക്കുള്ള പാലമാകേണ്ടി വരുന്നു.
നമ്മിലെ പ്രതീത ജ്ഞാനത്തെ കഴുകി ക്കളഞ്ഞു, ശുദ്ധ ജ്ഞാനത്തിലെക്കുള്ള വഴി തെളിയിച്ചു തരുന്നതെന്തോ അത് ഗുരു.

ദൈവവിശ്വാസത്തിന്റെ ജീവശാസ്ത്രം

മറ്റു ജീവികളില്‍ നിന്നും മനുഷ്യനുള്ള അടിസ്ഥാന പരമായ വ്യത്യാസം, അവനു മൂര്‍ത്ത രൂപങ്ങളില്ലാതെ സങ്കല്പ്പിക്കുവാനും, സങ്കല്പത്തെ മൂര്‍ത്തവല്‍കരിക്കാനും ആകും എന്നതാണ്. ഇതിനു കാരണമാകുന്നത്, സെറിബ്രല്‍ കോര്‍ടെക്സിനു താഴെയുള്ള അമിഗ്ദാല എന്ന മൌലിക വിശകലന സംവിധാനമാണ്. (ഞാന്‍, ആര്, എന്ത്, എവിടെ, എന്തിനു, എങ്ങിനെ എന്നിങ്ങനെയുള്ള മൌലിക യുക്തികളെ വിശകലനം ചെയ്യാനുള്ള സംവിധാനം.) ചിലയിനം ചിമ്പാന്സികള്‍ക്കും മറ്റും അമിഗ്ദാല ഉണ്ടെങ്കിലും മനുഷ്യനോളം വികാസം പ്രാപിച്ചിട്ടില്ല. (മനുഷ്യനിലെ ദൈവീക കേന്ദ്രം [Godly Spot] എന്നും ഈ മസ്തിഷ്ക ഭാഗത്തെ വിശേഷിപ്പിക്കാറുണ്ട്.) കാര്യകാരണ വിശകലനം നടത്തുവാന്‍ മനുഷ്യനാകുന്നതും അത് കൊണ്ടാണ്.
തന്റെ ഉറവിടത്തെ പറ്റിയും, അസ്തിത്വത്തെ പറ്റിയും (ദൈവത്തെ പറ്റിയും) ഉള്ള അന്വേഷണവും പ്രകൃതി നിരീക്ഷണവും, ചോദനകളെ ഉപജീവിച്ചു ഭാവന ചെയ്യുന്നതും (വെളിപാടുകള്‍ ഉണ്ടാകുന്നതും), അതിനെ വ്യാഖ്യാനിക്കുന്നതും ഒക്കെ അമിഗ്ദാലയുടെ സഹായത്താലാണ്. വ്യത്യസ്ത പ്രവാചകന്മാര്‍ക്കു, സമാനമായ ഈശ്വര വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയുന്നത്‌, അവരുടെ അമിഗ്ദാലകളുടെയും, സെറിബ്രല്‍ കോര്‍ടെക്സുകളുടെയും, ന്യൂരോനുകളുടെ സിനാപ്സുകളുടെ പശിമയുടെയും സാമ്യത കൊണ്ടാണ്. അത് പോലെ തന്നെ ആശയ വൈരുദ്ധ്യങ്ങള്‍ക്ക്‌ ഒരു പങ്കും ഇവയുടെ വ്യത്യസ്തതകള്‍ കൊണ്ടാണ്.
കഥ, കവിത തുടങ്ങിയ സര്‍ഗ ശേഷികളുടെ ഉറവിടവും ഇത് തന്നെ. ഒരു കുരുവിയ്ക്ക് കാക്കയെ പോലെ കൂട് കെട്ടാന്‍ കഴിയാത്തപ്പോള്‍, മനുഷ്യന് എന്ത് തരം നിര്‍മാണവും നടത്താന്‍ കഴിയുന്നതും അമിഗ്ദാലയുടെ പ്രവര്‍ത്തനം കൊണ്ടാണ്.
മൂര്‍ത്ത രൂപമില്ലാതെ സങ്കല്പ്പിക്കുന്നതിനു പകരം കേട്ട് കേള്‍വിയില്‍ നിന്നോ, ഭാവനയില്‍ നിന്നോ കിട്ടുന്ന അമൂര്‍ത്ത രൂപങ്ങളെ സങ്കല്പിക്കാനും, അത്തരമൊരു കാല്പനികതയെ യാഥാര്ത്യമെന്നു ധരിക്കാനും, മൃഗങ്ങള്‍ പച്ചയായ പ്രകൃതിയോടു ഇടപെടുന്നത് പോലെ, തന്റെ കാല്‍പനിക സങ്കല്പത്തിലെ മായാ ലോകത്തോട്‌ ഇടപെടാനും മനുഷ്യന് ഒരു സ്വാഭാവിക പ്രേരണയുണ്ട് . ഇത്രയേറെ വൈവിധ്യങ്ങള്‍ ചിന്തയിലും, കാഴ്ച്ചപാടുകളിലും കാണുന്നതും പലപ്പോഴും തര്‍ക്കങ്ങളും, ചേരി തിരിവുകളും ഉണ്ടാകുന്നതം ഒക്കെ മനുഷ്യന്റെ ഈ സങ്കല്പ സ്വഭാവം കൊണ്ടാണ്.
അവധൂതാവസ്ഥയില്‍ ഉള്ളവര്‍, മൃഗങ്ങള്‍, പ്രകൃതിയെ കാണുന്നത് പോലെ തന്നെ, ഈ വികസിത പ്രപഞ്ചത്തെ വീക്ഷിക്കുമ്പോള്‍, അമിഗ്ദാലയുടെ വികാസം ആര്ജിക്കാത്തവര്‍ കാല്‍പനിക യാധര്ത്യങ്ങളെ ആധാരമാക്കുന്നു. സിനാപ്സുകളിലെ കാല്ഷിയം ഫാക്ടര്‍, കോര്‍ടെക്സിന്റെ സ്പന്ദമാപന ശേഷി എന്നിവയും ഘടകങ്ങളാണ് എന്നത് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സിനാപ്സുകളിലെ കാല്ഷിയം ഫാക്ടര്‍ കൂടിയുള്ളവര്‍ ഒരു വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും അതിനായി പോരാടുകയും ചെയ്യും. കുറവുള്ളവര്‍ കൂടിയ സങ്കല്‍പങ്ങളാല്‍ യുക്തിവിചാരം ചെയ്യുകയും അവിശാസികള്‍ ആകുകയും ചെയ്യും. അതായത് സിനാപ്സുകളിലെ കല്ഷിയതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രണ്ടു തരമാകും. ഇത് രണ്ടിനുമിടെ ഏറ്റവും ഒപ്ടിമമായ നിലയില്‍ കാല്ഷിയും ഉള്ളവര്‍ക്ക് പ്രാകൃതീയ സംവിധാനത്തെ നേരില്‍ അറിയാനാകും. ഇതരര്‍ക്ക്, ഇതൊന്നും മനസ്സിലാകില്ലെന്നതിനാല്‍, അവര്‍ക്ക് ഉതകുന്ന രീതിയില്‍ ചില കഥനങ്ങള്‍ വഴി അവയെ വ്യാഖ്യാനിക്കും. ഇത് ചിലര്‍ വിശ്വസിക്കും. (വിശ്വാസികള്‍, ചേരി തിരിഞ്ഞു യുക്തിയും ഭക്തിയും പറയും)
ഇവയില്‍ വിശ്വസിക്കാന്‍ മനുഷ്യന് മാത്രമേ കഴിയൂ.. മൃഗങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ല.

ജാതി-ജാതീയത-മതം-മതപരത

ജാതി എന്നാല്‍ വിഭാഗം എന്നാണു ഭാഷാര്‍ത്ഥം. പ്രകൃതിയുടെ ബൈഫര്‍ക്കെഷന്‍ മൂലം വൈവിദ്ധ്യവല്‍കരിക്കപ്പെടുന്ന കോടാനുകോടി വര്‍ഗങ്ങള്‍ പോലെ തന്നെ ഇതും. ജാതി പരിണമിച്ചു ഉണ്ടായതാണ്. അതൊരു സാമൂഹ്യ യാഥാര്ത്യമാണ്. ജനിതക കോടുകളില്‍ വരെ പടര്‍ന്നിരിക്കുന്ന ജാതി സ്വഭാവത്തെ കണ്ണുമടച്ചു ഇരുട്ടാക്കാന്‍ കഴിയില്ല. മതങ്ങള്‍ ഒരു കാലഘട്ടത്തിലെ ഒരു പൊതു സമൂഹത്തിന്റെ ജീവിത പശ്ചാത്തല സംസ്കാരമാണ്. ദൈവത്തെ അംഗീകരിക്കുന്നതും, അംഗീകരിക്കാത്തതും ആയ മതങ്ങള്‍ ഇവിടുണ്ട്. അവ ജീവിത മൂല്യങ്ങളെയോ ധര്‍മങ്ങളെയോ ആണ് ലക്ഷ്യമിടുന്നത്. അതിനു ആധാരമാക്കാന്‍ ഓരോന്നും ഓരോ ബിംബങ്ങളെ കണ്ടെതുന്നുവെന്നു മാത്രം. ഈ കാലഘട്ടത്തിലും പഴയ മതങ്ങള്‍, മനുഷ്യന്, മൂല്യവും, ധാര്‍മികതയും പകര്‍ന്നു തരുന്നുണ്ട്. മത വിശ്വാസം മതപരതയാകുമ്പോള്‍, സഹിഷ്ണുതയും, മത ഗുരുത്വവും നഷ്ടമാകുന്നു.
ജാതീയത എന്നാല്‍ ജാതിയെ സംബന്ധിച്ച എന്നര്‍ത്ഥം. ജാതിയെ സംബധിച്ച ബൌദ്ധിക കാര്യങ്ങള്‍, വിവേചനത്തിനും, പ്രക്ഷുബ്ധതയ്ക്കും കാരണമാകുമ്പോള്‍ ഇന്നത്തെ പൊതു വല്‍കൃത സമൂഹം അത് വേണ്ടെന്നു കരുതുന്നു. മത പരതയും അങ്ങിനെ തന്നെ.

മതങ്ങളോടുള്ള കാഴ്ചപ്പാട്

ഒരു മതത്തെയും ഒളിമ്പസ് നിഷേധിക്കുന്നില്ല. അത് ഒരു സാമൂഹ്യ യഥാര്ത്യമാണ്. എന്നാല്‍ മത പരതയെ പിന്തുണയ്ക്കുന്നില്ല. മതങ്ങള്‍, ഓരോ കാലഘട്ടത്തിലെ ഓരോ ഭൂപ്രദേശത്തെ സാമൂഹ്യ വിശ്വാസങ്ങളുടെയും, ജീവിത ശൈലികളുടെയും, സംസ്കാരത്തിന്റെയും തുടര്‍ച്ചയാണ്. വികസിക്കാനും, ക്രമം തെറ്റാനും സാധ്യതയുള്ള സാമൂഹ്യ ഘടകങ്ങളെ, ഒരുമിച്ചു ഗുരുത്വതിലേക്ക് ചായ്ച്ചു നിര്‍ത്താനുള്ള കാലത്തിന്റെ സംവിധാനമാണ് ഓരോ മതവും.

ഒളിമ്പസ് പൂര്‍ണമായി പരിശീലിക്കുന്നവര്‍, ഒരു വ്യവസ്ഥാപിത മതത്തെയും പിന്‍ തുടരുന്നില്ല, എന്നാല്‍, മതാനുഷ്ടാനങ്ങളിലെ നന്മകളും, മൂല്യങ്ങളും, വിവേചനമില്ലാതെ സ്വീകരിക്കാനും, പിന്‍ തുടരാനും വൈമുഖ്യം ഇല്ല താനും

ഒളിമ്പസ്സിന്റെ ഈശ്വരീയ സങ്കല്‍പം

ഏതൊരു സത്തയ്ക്കും ഭൌതികം പ്രതിഭാസികം ധാര്‍മികം ജ്ഞാനീയം ഊര്‍ജപരം എന്നീ അഞ്ചു മാനങ്ങള്‍ കാണും (അവയ്ക്കോരോന്നിനും അയ്യഞ്ചു തലങ്ങളും, അവയ്ക്കോരോന്നിനും അയ്യഞ്ചു മുഖങ്ങളും ഉണ്ടാകും. അഞ്ചെന്ന ഈ ചരത്തെ വ്യാഖ്യാതാവിന്റെ ധിഷനയ്ക്ക് / കാഴ്ചയ്ക്ക് അനുസൃതം ഇനിയും വലുതാക്കാം. കേള്വിക്കാരന്റെ ശേഷികൂടി പരിഗണിച്ചു പ്രാഥമിക അഞ്ചു തലങ്ങള്‍ ആണ് ഇവിടെ പറയുന്നത്.)
ഏതൊരു സത്തയും മറ്റൊന്നിനോടും ചേരാതിരിക്കിമ്പോള്‍ സ്വതന്ത്ര സത്തകള്‍ ആയിരിക്കും. അവ മറ്റൊന്നിനോട് ചേരുമ്പോള്‍ പുതിയ സംയുക്തത്തില്‍ ഒരു ഭൌതികക്കുറവും (ദ്രവ്യമാന ദോഷം / mass defect) പ്രാതിഭാസിക പ്രത്യക്ഷപ്പെടലും (phenomenal appearance) ഉണ്ടാകും. ഇതിനനുസൃതം ആസത്തയുടെ ധര്‍മ / ജ്ഞാന / ഊര്‍ജ തലങ്ങളിലും വികാസങ്ങള്‍ ഉണ്ടാകും. (രസകരമായ കാര്യം ഭൌതികയില്‍ മാത്രമാണ് കുറവുവരുന്നത്‌ എന്നതാണ് )
ഒരു പ്രാഥമിക മൂല വസ്തു (പ്രൈം എലെമെന്റ് - ക്വാര്‍ക്കുകള്‍, ക്വിബിറ്റുകള്‍, ഫെര്‍മിയോനുകള്‍, നാളെ ആധുനിക ശാസ്ത്രം മറ്റൊന്ന് കണ്ടെത്തിയാല്‍ അത്..) മറ്റൊരു പ്രാഥമിക മൂല വസ്തുവുമായി ചേരുമ്പോള്‍ ഒരു പുതിയ സംയുക്തം ഉണ്ടാകുന്നു. അതിനു, ഘടക സത്തകള്‍ക്ക് ഉണ്ടായിരുന്ന പ്രതിഭാസങ്ങളുടെ ആകെ തുകയേക്കാള്‍ ഒരല്പം അധിക പ്രതിഭാസം കാണും. (വിശദീകരണത്തിന് ക്വാണ്ടം സിദ്ധാന്തം, സാംഖ്യം എന്നിവ പരിശോധിക്കുക) അത് ചേര്‍ച്ചയ്ക്ക് മുമ്പ് ഉണ്ടായിരുന്നില്ല, ചേര്‍ച്ചയില്‍ ഉണ്ടാകുന്നു. അത് ഒരു പ്രകൃതി വൈശിഷ്ട്യമാണ്. ഞങ്ങള്‍ ഈ പ്രകൃതി വൈശിഷ്ട്യത്തെ പെന്റാകൂ എന്ന് വിളിക്കും.
പ്രാഥമിക മൂല വസ്തുക്കള്‍ സംയുക്തമായും, സംയുക്തങ്ങള്‍ വലിയ സംയുക്തമായും സാഹചര്യാനുസരണം പകര്‍ന്നു കൂടി വരുമ്പോള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ചില പ്രത്യേക തരത്തിലുള്ള സംയുക്തങ്ങള്‍ക്ക് പെന്റാകൂ നല്‍കുന്ന ഒരു സവിശേഷ സ്വഭാവം /പ്രതിഭാസം ആണ് സ്വയം പരിചരണ സ്വഭാവം. (കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍, ഹൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെ ഒരു പ്രത്യേക കൂട്ടാണിത്. അത് ഒരു ബയോ പ്ലാസ്മിക് പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഊര്‍ജ പ്രസരണ മണ്ഡലത്തില്‍ മാത്രം സംഭവിക്കുന്നു.) പ്രോടോപ്ലാസവും മറ്റും ഇങ്ങനെ ഉണ്ടാകുന്നതാണ്. ഇതാണ് ആദ്യ തല ജൈവ സത്ത. ഈതലത്തിലാണ് ബോധം എന്ന ജ്ഞാനാവസ്ഥ ഒരു സത്തയ്ക്ക് വന്നു ചേരുന്നത്.
പിന്നീട് ജൈവ സത്തകള്‍ ചേര്‍ന്ന് കോശങ്ങളായും , കോശങ്ങള്‍ ചേര്‍ന്ന് കലകളായും, കലകള്‍ ചേര്‍ന്ന് അവയവങ്ങള്‍ ആയും അവയവങ്ങള്‍ ചേര്‍ന്ന് ജീവിയായും ജീവികള്‍ ചേര്‍ന്ന് ജീവി വര്‍ഗങ്ങള്‍ ആയും ജീവി വര്‍ഗങ്ങള്‍ ചേര്‍ന്ന് ജൈവ സമൂഹമായും മാറുന്നു.
ഇപ്പറഞ്ഞത്‌ ജൈവ ധാരയാണ്. ഇതിനു സമാന്തരമായി, അജൈവ ധാരയും ഉണ്ടാകുന്നുണ്ട്. ഈ രണ്ടു ധാരകളും ചേര്‍ന്ന് ജൈവാജൈവ സമൂഹവും, പിന്നെ ഭൂമി / ഗ്രഹം, സൌരയൂഥം.....പ്രപഞ്ചം എന്നിവ വരെ ഉണ്ടാകുന്നു.
ഇതിലെ പല അവസ്ഥകള്‍ക്കും സ്വതത്ര അസ്ഥിത്വമോ സ്വതന്ത്ര ബോധമോ ഇല്ല എന്നത് അറിയേണ്ടതുണ്ട്.
ജീവി എന്ന ഒരു അവസ്ഥയില്‍ അതിനുണ്ടാകുന്ന
ഭൌതിക മാനമാണ് ശരീരം (Body)
പ്രതിഭാസ മാനമാണ് ജീവന്‍ (Life)
ധര്‍മ മാനമാണ് മനസ്സ് (Consciousness)
ജ്ഞാന മാനമാണ് ബോധം (Sense)
ഊര്‍ജ മാനമാണ് ശക്തി (Vitality)
ഈ അവസ്ഥകള്‍ ഓരോ സത്തയുടെ ഓരോ തലത്തിലും ഉണ്ടാകും.
അത്തരത്തില്‍ പ്രപഞ്ചത്തിനുണ്ടാകുന്ന
ഭൌതിക മാനമാണ് ദൃശ്യ പ്രകൃതി / പ്രകൃതി (Nature)
പ്രതിഭാസ മാനമാണ് ഐകകം (Uniter)
ധര്‍മ മാനമാണ് നിയതി (Destiny)
ജ്ഞാന മാനമാണ് പരിബോധം (Super Sense)
ഊര്‍ജ മാനമാണ് പരിശക്തി (Omnipotence)
ഇതില്‍ ഐകകം എന്ന ഒരവസ്ഥയെ ആണ് വിശ്വാസികള്‍ ഈശ്വരന്‍ എന്ന് വിളിക്കുന്നത്‌. (ജീവിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രതിഭാസത്തിന്റെ / ജീവന്റെ പ്രകടാവസ്ഥയെ ആണല്ലോ വ്യക്തിത്വമായി മനസ്സിലാക്കപ്പെടുന്നത്‌ . എങ്കില്‍ പ്രപഞ്ചത്തിന്റെ പ്രകടാവസ്ഥയെ ഈശ്വരന്‍ എന്ന് വിളിക്കാം. ) ഇങ്ങനെ നോക്കുമ്പോള്‍ നാം ഈശ്വരനെ കുറച്ചു കാണുന്നു എന്ന് മനസ്സിലാക്കാം. (പ്രതിഭാസ അവസ്ഥ മാത്രം കണ്ടാല്‍ പോരല്ലോ? ) എല്ലാ അവസ്ഥകള്‍ക്കും കൂടിയാണ് നാം പ്രപഞ്ചം എന്ന് പറയുന്നത്.
ഈ പ്രതിപാദ്യത്തിലെ വ്യവസ്ഥകളായ പ്രാഥമിക മൂല സത്തയും, കോശവും, ജീവിയും, സമൂഹവും, ഭൂമിയും പ്രപഞ്ചവുമെല്ലാം ഈ ശ്രേണീ വിന്യാസം നിരന്തരം കാത്തു സൂക്ഷിക്കുന്നുണ്ട്. പക്ഷെ സാധാരണ രീതിയില്‍ അവയെല്ലാം തൊട്ടു അകത്തോ പുറത്തോ ഉള്ള ഒരു വ്യവസ്ഥാ തലവുമായി മാത്രമേ നേര്‍ ബന്ധമോ വിനിമയമോ ഉണ്ടാക്കുകയുള്ളൂ. വിശേഷ യുക്തികള്‍ വിനിമയത്തില്‍ കടന്നു കയറി വരുന്നില്ലെങ്കില്‍, ഓരോ തലത്തിനും ഉള്ള ബോധങ്ങളെയും ബോധ്യപ്പെടുത്താതെ വിനിമയം ചെയ്യാനും ശ്രേണീ വിന്യാസത്തിന് അതീതമായി അത് തുടരാനും വ്യവസ്ഥകള്‍ക്ക് കഴിയും.( നിദ്ര, ധ്യാനം, ഹിപ്നോസിസ്, സബ്ലിമിനലുകള്‍ എന്നിവ ഈ വിനിമയം സാധ്യമാക്കുന്നവയാണ്. ) ഈ ശ്രേണീ വിന്യാസം ലംബ തലത്തിലും തിരശ്ചീന തലത്തിലും നിരന്തരം തുടരുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു സ്വയം പരിചരിത/നിയത്രിത/സംഘടിത സംവിധാനത്തെയാണ് ഒളിമ്പസ് പെന്റാക്കൂ എന്ന് വിളിക്കുന്നത്‌. ഇത് തന്നെ വിശ്വാസികളുടെ ഈശ്വരീയം.
പ്രാര്‍ത്ഥന ഈശ്വരീയവുമായുള്ള വിനിമയമാണ്‌. ധ്യാനവും അത് തന്നെ. ഇത്രയും ബ്രിഹത്തായ ഈ മഹദ് സംവിധാനത്തെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ്, മതങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന വ്യക്തി രൂപത്തില്‍ ഈശ്വരീയത്തെ പഠിപ്പിക്കുന്നത്. സംവിധാനവുമായി ഭൌതികേതര ബന്ധം നിരന്തരം നില നിര്‍ത്താനാണ് ആരാധനാലയങ്ങള്‍ ഉണ്ടാക്കിയത്. ഇന്നതിന്റെയൊക്കെ പ്രവര്‍ത്തന രീതിയും ലക്ഷ്യവും മാറിപ്പോയെങ്കിലും. വിശ്വാസികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ജീവി തലതില്‍നിന്നും തൊട്ടു അകത്തോ പുറത്തോ സമീപസ്തമോ ആയ ഒന്നിലേക്ക് മാത്രമേ ഭൌതിക വിനിമയം സാദ്ധ്യമാകുകയുള്ളൂ. എങ്കില്‍ തന്റെ അര്‍ത്ഥനകള്‍ പ്രപഞ്ച തലത്തിലിരിക്കുന്ന ഈശ്വരനെങ്ങനെ കേള്‍ക്കും? ധ്യാനാത്മകമായ പ്രാര്‍ഥനകള്‍ കൊണ്ടേ ഉപരി വിന്യസിത ബോധങ്ങളിലേക്ക് വിനിമയം സാധ്യമാകൂ.. അതിന്റെ ഫല പ്രാപ്തിയ്ക്കും പ്രപഞ്ച നിയത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
വ്യവസ്ഥകള്‍ തമ്മിലുള്ളതും വ്യവസ്ഥാ തലങ്ങള്‍ തമ്മിലുള്ളതുമായ വിനിമയങ്ങള്‍ ശരിയാം വിധം നടക്കുമ്പോള്‍, അവയ്ക്കിടെ വിശിഷ്ട യുക്തികള്‍ വന്നു ചേരില്ല. വിശേഷ യുക്തികളുടെ സാന്നിദ്ധ്യത്തില്‍ വിനിമയവും നടക്കില്ല. ചിന്ത, മൂര്‍ത്ത മാതൃകയില്ലാത്ത ഭാവന, സംസ്കാരം, വിദ്യാഭ്യാസം എന്നിവ വിശേഷ യുക്തിയെ ഉരുവാക്കും. അത് കൊണ്ട് തന്നെയാണ് ഈശ്വരീയത്തെ വിശ്വസിക്കുന്നര്‍ക്ക് യുക്തിയില്ലാതെ പോകുന്നതും യുക്തി വാദികള്‍ക്ക് ഈശ്വരീയത്തെ അനുഭവിക്കാന്‍ കഴിയാതെ പോകുന്നതും (അവസാന വാചകം ഒരു സാമാന്യ പ്രസ്താവനയാണ്. അതിന്റെ ശാസ്ത്രീയത താള-യുക്തികളെ പറ്റി വിശകലനം ചെയ്യുന്ന മറ്റൊരിടത്ത് വിശദീകരിക്കാം )